ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന 2025 ലെ യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളുടെ യോജിച്ച പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നു. കരട് ചട്ടം സംബന്ധിച്ച് ഇന്നലെ നടന്ന ദേശീയ കണ്‍വെന്‍ഷന്‍ വൈസ് ചാൻസലർ (വിസി) നിയമനത്തിൽ മുഖ്യപങ്കാളിത്തം സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കി. പ്രതിപക്ഷ സംസ്ഥാനങ്ങളുടെ സംയുക്ത പ്രമേയം പ്രധാനമന്ത്രിയേയും കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും നേരില്‍ കണ്ട് സമര്‍പ്പിക്കും.
സംസ്ഥാന സർക്കാരുമായി യോജിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളുടെ ഭരണാധികാരം അതത് സംസ്ഥാനങ്ങൾക്കാണ്. വിസി നിയമനത്തിനായുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിലടക്കം സംസ്ഥാനങ്ങളുടെ പങ്ക് ഇത്രയേറെ യുജിസി ഏറ്റെടുക്കുന്നത് ചരിത്രത്തിൽ ഇന്നേവരെ കാണാത്തതാണ്. ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ അത്തരം സ്വേച്ഛാധിപത്യ നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കേരളം ആതിഥ്യമരുളിയ അഖിലേന്ത്യ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിയമസഭ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം സി സുധാകർ, തമിഴ‌്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോവി ചെഴിയാൻ, പ്രൊഫ. പ്രഭാത് പട്‌നായ്‌ക്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവരടക്കം കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കരട് ചട്ട ഭേദഗതി അടിയന്തരമായി പിൻവലിക്കണമെന്നും ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്താതെ സംസ്ഥാന സർക്കാരുകളുമായും സർവകലാശാലകളുമായും കൂടിയാലോചനകൾക്ക് സന്നദ്ധമാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കരട് റെഗുലേഷനാണ് യുജിസി മുന്നോട്ടുവച്ചിരിക്കുന്നതെന്ന് മന്ത്രി ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തിലെ ഏകാഭിപ്രായമാണ് കൺവെൻഷൻ ഒറ്റക്കെട്ടായി പ്രകടിപ്പിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമല്ല ഈ പ്രതിരോധത്തില്‍ പങ്കാളികളായിട്ടുള്ളത്. ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. എം സി സുധാകർ, തമിഴ‌്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ഗോവി ചെഴിയാൻ എന്നിവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

