Site iconSite icon Janayugom Online

കെട്ടിവലിച്ച് ദൂരത്തേക്ക് മാറ്റുന്നു; അറബിക്കടലിൽ തീപിടിച്ച കപ്പലിനെ നിയന്ത്രണത്തിലാക്കിയെന്ന് സൂചന

അറബിക്കടലിൽ തീപിടിച്ച ‘വാന്‍ ഹായ് 503’ ചരക്കുകപ്പലിനെ നിയന്ത്രണത്തിലാക്കിയെന്ന് സൂചന. കപ്പലിനെ കെട്ടിവലിച്ച് ദൂരത്തേക്ക് മാറ്റുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. കത്തുന്ന കപ്പലില്‍ ഇറങ്ങിയ കോസ്റ്റ്ഗാര്‍ഡ് സംഘം വടംകെട്ടി കപ്പല്‍ വലിച്ചുകൊണ്ടുപോകാനുള്ള ദൗത്യത്തിലാണ്. ടഗ് ബോട്ട് ഉപയോഗിച്ചാണ് കപ്പലിനെ ദൂരേയ്ക്ക് എത്തിക്കുന്നത്. കപ്പലിന്റെ മുന്‍ഭാഗത്തുള്ള വലിയ കൊളുത്തില്‍ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിക്കുവാൻ പോര്‍ബന്തറില്‍നിന്നുള്ള എംഇആര്‍സി സംഘത്തിന് കഴിഞ്ഞു.

തീരരക്ഷാസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് സംഘം കപ്പലില്‍ ഇറങ്ങിയത്. കപ്പലിന്റെ മുന്‍ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കിയശേഷം കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്ടര്‍ ഉപയോഗിച്ച് എംഇആര്‍സി സംഘം കപ്പലില്‍ ഇറങ്ങുകയാണ് ആദ്യം ചെയ്തത്. രണ്ടുദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മുന്‍ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കാനായത്.ഏകദേശം 10 മുതല്‍ 15 ഡിഗ്രിവരെ കപ്പല്‍ ചെരിഞ്ഞിട്ടുണ്ടെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കുന്നു. എങ്കിലും കപ്പല്‍ സന്തുലിതാവസ്ഥയില്‍ നിലകൊള്ളുന്നുണ്ട്. കനത്ത മഴകാരണം രാവിലെമുതല്‍ ഉച്ചവരെ കോസ്റ്റ്ഗാര്‍ഡിന്റെ വിമാനത്തിന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Exit mobile version