Site iconSite icon Janayugom Online

ശബരിമലയിലെ ട്രാക്ടർ യാത്ര; എഡിജിപി അജിത്ത്കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഹൈക്കോടതി വിധിക്ക് വിരുദ്ധമായി ശബരിമലയിലെ ട്രാക്ടറിൽ യാത്ര നടത്തിയ എഡിജിപി അജിത്ത്കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ‘യാത്രയ്ക്ക് വേണ്ടിയുള്ള ട്രാക്ടറല്ലല്ലോ ഉപയോഗിച്ചത്, ചരക്ക് കൊണ്ടുപോകുന്ന വാഹനമാണ് ഉപയോഗിച്ചത്. ട്രാക്ടര്‍ യാത്ര ഹൈക്കോടതിയുടെ വിധിക്ക് വിരുദ്ധമാണ്’-ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബെഞ്ചാണ് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. യാത്രയുടെ ചിത്രങ്ങള്‍ പരിശോധിച്ചുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. എഡിജിപിയുടെ ട്രാക്ടര്‍ യാത്ര നിര്‍ഭാഗ്യകരമെന്നും പ്രവര്‍ത്തി മനഃപൂർവ്വമെന്നും ഹൈക്കോടതി പറഞ്ഞു. സ്വാമി അയ്യപ്പന്‍ റോഡ് വഴി ആരും യാത്ര ചെയ്യരുതെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 2021ലാണ് ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഏതൊക്കെ ചരക്കുകള്‍ ഏതൊക്കെ സമയങ്ങളില്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കടത്താമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ട്രാക്ടറില്‍ ഡ്രൈവറല്ലാതെ മറ്റാരും പോകരുതെന്നും ഉത്തരവുണ്ടായിരുന്നു. 

Exit mobile version