Site iconSite icon Janayugom Online

എംഡിഎംഎ കടത്തൽ; മൊത്തക്കച്ചവടക്കാരനായ താൻസാനിയക്കാരൻ ഉൾപ്പടെ രണ്ട് പേർ പിടിയിൽ

ബാഗ്ലൂർ കേന്ദ്രീകരിച്ച് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് എംഡിഎംഎയും മയക്കുമരുന്നുകളും കടത്തുന്ന താൻസാനിയക്കാരൻ ഉൾപ്പടെ രണ്ട് പേർ കരുനാഗപ്പള്ളി പൊലിസിന്റെ പിടിയിലായി. താൻസാനിയ സ്വദേശി ഇസാ അബ്ദുൽ നാസർ (29), കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് സൂര്യ ഭവനിൽ സുജിത് (24) എന്നിവരാണ് കരുനാഗപ്പള്ളി പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റിൽ ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി കരുനാഗപ്പള്ളി പൊലിസ് നടത്തിയ പരിശോധനയിൽ 30 ഗ്രാം എംഡിഎംഎ യുമായി ആലുംകടവ് സ്വദേശി രാഹുൽ(24) കരുനാഗപ്പളളി പൊലീസിന്റെ പിടിയിലായിരുന്നു. കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ സംസ്ഥാനത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ നേതൃത്വം നൽകുന്ന താൻസാനിയ സ്വദേശിയെ കുറിച്ചും ജില്ലയിലെ ഇയാളുടെ സഹായിയായ സുജിത്തിനെക്കുറിച്ചും വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ച് ബംഗളൂരുവിലേക്ക് അയക്കുകയും പ്രതികളുടെ കൃത്യമായ മൊബൈൽ ലൊക്കേഷൻ വഴി ഇവരുടെ ഓൺലൈൻ ഇടപാടുകൾ നിരീക്ഷിച്ച് പൊലീസ് സംഘം പ്രതികൾ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു.

പിടികൂടിയ താൻസാനിയ സ്വദേശിക്ക് സോമാലിയ പാസ്പോർട്ട് ഉണ്ടെന്നും ഇത് കാലാവധി കഴിഞ്ഞതാണോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലിസ് പറഞ്ഞു. 2017ൽ ബംഗളൂരുവിൽ പഠനത്തിനായാണ് ഇയാൾ എത്തിയത്. ബയോടെക്നോളജിയിൽ പഠനം നടത്തിയ പ്രതിയും കൂട്ടാളികളും ചേർന്ന് സ്വന്തം നിലയിൽ മയക്കുമരുന്ന് ഉൽപ്പാദിപ്പിച്ചിരുന്നതായും പൊലിസ് സംശയിക്കുന്നു. ഇയാളുടെ അക്കൗണ്ട് ഉൾപ്പടെയുള്ള വിവരങ്ങളുൾപ്പടെ മയക്കു മരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇൻസ്പെക്ടർ ബിജു വി, എസ്ഐമാരായ ഷമീർ, ഷാജിമോൻ, വേണുഗോപാൽ, എസ്‌സിപിഒ ഹാഷിം, രാജീവ്കുമാർ, രതീഷ്, വിനോദ്, സിപിഒ റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Exit mobile version