Site iconSite icon Janayugom Online

ഛത്തീസ്ഗഢിൽ ട്രയിലറും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; 9 സ്ത്രീകളും 4 കുട്ടികളും മരിച്ചു

ഛത്തീസ്ഗഡിലെ റായ്പൂരിൽ ഒരു ട്രെയിലറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിമൂന്ന് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. റായ്പൂർ ജില്ലയിലെ റായ്പൂർ‑ബലോദബസാർ റോഡിൽ സരഗാവണിന് സമീപം ഞായറാഴ്ച രാത്രിയായിരുന്നു അപകടം. 

ബൻസാരി ഗ്രാമത്തിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി വരികയായിരുന്ന ഒരു കുടുംബം സഞ്ചരിച്ചിരുന്ന ട്രക്ക് ഖരോര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സരഗാവണിന് സമീപത്ത് വച്ച് ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ റായ്പൂരിലെ ഡോ.അംബേദ്കർ ഭീംറാവു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 

ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായി റായ്പൂർ ജില്ലാ കളക്ടർ ഗൗരവ് സിംഗ് പറഞ്ഞു. അപകടത്തിൽ പതിമൂന്ന് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും കളക്ടർ പറഞ്ഞു. 

Exit mobile version