ട്രെയിന്‍ അപകടം ഇല്ലാതാക്കുന്നതിന് വേണ്ടി രൂപകല്പനചെയ്ത കവച് പദ്ധതി രാജ്യമാകെ പൂര്‍ത്തിയാകാന്‍ 50 വര്‍ഷമെങ്കിലും കാത്തിരിക്കണം. നിലവിലെ നിര്‍മ്മാണ രീതിയനുസരിച്ച് ഇനിയും 50 വര്‍ഷം വേണ്ടിവരും കവച് പദ്ധതി പൂര്‍ത്തിയാക്കാന്‍ എന്ന് റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
തീവണ്ടി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന രാജ്യത്താണ് കവച് സംവിധാനം സ്ഥാപിക്കുന്നതില്‍ റെയില്‍വേ മന്ത്രാലയം മെല്ലപ്പോക്ക് നയം സ്വീകരിച്ചിരിക്കുന്നത്. 68,000 കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ഇന്ത്യന്‍ റെയില്‍വേപ്പാളങ്ങളില്‍ കവച് സംവിധാനം സ്ഥാപിക്കാന്‍ 34,000 കോടി രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഡീസല്‍— ഇലക്ട്രിക് എന്‍ജിനുകള്‍ കവച് സംവിധാനത്തിലേക്ക് മാറ്റുന്നതിന് 10,640 കോടി അധികമായി വകയിരുത്തേണ്ടി വരും. സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞാണ് റെയില്‍വേ മന്ത്രാലയം കവച് പദ്ധതി നടപ്പിലാക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നത്.
2,52,000 കോടി രൂപ മൂലധന നിക്ഷേപമുള്ള റെയില്‍വേയാണ് കവച് പദ്ധതി അനിശ്ചിതമായി വൈകിപ്പിക്കുന്നത്. മൂലധനനിക്ഷേപത്തിന്റെ രണ്ട് ശതമാനം തുക വിനിയോഗിച്ചാല്‍ നടപ്പിലാക്കാവുന്ന പദ്ധതിയാണ് ജനങ്ങളുടെ ജീവന് പുല്ലുവില കല്പിക്കുന്ന കേന്ദ്ര മന്ത്രാലയത്തിന്റെ മെല്ലപ്പോക്ക് കാരണം മുടന്തി നീങ്ങുന്നത്.
ട്രെയിനപകടം സ്ഥിരം പ്രതിഭാസമായതോടെയാണ് രണ്ടാം മോഡി സര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ ലൈനുകളിലും കവച് സംവിധാനം സ്ഥാപിച്ച് അപകടരഹിതമാക്കുമെന്ന് പ്രഖ്യാപിച്ചത്. ബാലസോര്‍ തീവണ്ടി അപകടത്തില്‍ 300 ലേറെ പേര്‍ മരിച്ചതിന് പിന്നാലെയും കവച് സംവിധാനം വേഗത്തില്‍ പൂര്‍ത്തിയാക്കി അപകടം കുറയ്ക്കുമെന്ന് മോഡിയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച ബംഗാളില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ചരക്ക് ട്രെയിന്‍ ഇടിച്ച് 10 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയും കവച് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തദ്ദേശീയമായി രൂപകല്പന ചെയ്ത് ഓട്ടോമാറ്റിക് ട്രെയിന്‍ പ്രോട്ടക്ഷന്‍ സിസ്റ്റം (എടിപി) അഥവാ കവച് ഇതുവരെ 1,500 കിലോമീറ്ററിലാണ് പൂര്‍ത്തിയായതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ നിരന്തരമുള്ള ട്രെയിന്‍ അപകടങ്ങള്‍ക്ക് കാരണം അധികൃതരുടെ അനാസ്ഥായാണെന്ന് ദി പീപ്പിള്‍സ് കമ്മിഷന്‍ കുറ്റപ്പെടുത്തി. സാങ്കേതിക തകരാര്‍ കാരണം രാജ്യത്ത് അപകടം നിത്യസംഭവമായി മാറിയെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. സിഗ്നല്‍ സംവിധാനം പരിഷ്കരിക്കുന്നതിലെ കാലതാമസം, ഫണ്ട് ലഭ്യമാക്കാതിരിക്കല്‍, ലോക്കോ പൈലറ്റുമാരുടെ അധിക ജോലിഭാരം എന്നിവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാതെയുള്ള പ്രഖ്യാപനങ്ങള്‍ അപകടരഹിത യാത്ര ഉറപ്പ് വരുത്തില്ലെന്നും അക്കാദമിക്കുകള്‍, നിയമജ്ഞര്‍, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ അടങ്ങിയ കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
English Summary: Train safety system ‘Kavach’; It will take 50 years to complete
You may also like this video