Site iconSite icon Janayugom Online

കോഴിക്കോട് റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകും; ഗതാഗതം പുനഃസ്ഥാപിച്ചു

കോഴിക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്. ട്രാക്കില്‍ വീണ മരങ്ങളും വീടിന്റെ മേല്‍ക്കൂരയും എടുത്തുമാറ്റി. വൈദ്യുതി ലൈനുകളും പുനഃസ്ഥാപിച്ചു. ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെയാണ് ട്രെയിനുകള്‍ വൈകിയോടുന്നത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ട് തിരുന്നല്‍വേലി-ജാം നഗര്‍ എക്‌സ്പ്രസ് താരതമ്യേമ വേഗത്തില്‍ വരുന്നതിനിടെ ഫറോക്ക് സ്‌റ്റേഷന്‍ കഴിഞ്ഞ് അല്‍പ്പം കഴിഞ്ഞായിരുന്നു സംഭവം. 

മരങ്ങള്‍ക്ക് പുറമേ സമീപത്തെ വീടിന്റെ മേല്‍ക്കൂരയിലെ കൂറ്റന്‍ അലൂമിനിയം ഷീറ്റ് വൈദ്യുതി ലൈനിലേക്ക് വീഴുകയും ചെയ്തു. ഇതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലില്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തിയതോടെ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ട് പ്രദേശവാസികള്‍ സ്ഥലത്തേയ്ക്ക് ഓടിയെത്തി. നാട്ടുകാരുടെ സഹകരണം അപകടകരമായ ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് സഹായകരമായിരുന്നു. ട്രെയിന്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ടതോടെ കോഴിക്കോടിറങ്ങേണ്ട പല യാത്രക്കാരും സംഭവസ്ഥലത്തിറങ്ങിയിരുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടത് ആറു മണിക്കൂറിലേറെയാണ്. മൂന്ന് വൻ മരങ്ങളും പത്തോളം വീടുകളുടെ മേൽക്കൂരയും ആണ് തകർന്ന് പാലത്തിൽ പതിച്ചത്. അപകടത്തെ തുടർന്ന് വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകി.

Exit mobile version