Site iconSite icon Janayugom Online

മെഹുൽ ചോക്സിയുടെ കൈമാറ്റം; ഇന്ത്യയുടെ അഭ്യർത്ഥന പരിഗണിച്ച് വരികയാണെന്ന് ബെൽജിയം

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് പണം തട്ടി ഒളിവിൽ പോയ വിവാദ വ്യവസായി മെഹുൽ ചോക്സിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ അഭ്യർത്ഥന പരിഗണിച്ചു വരികയാണെന്ന് ബെൽജിയം നീതിന്യായ വകുപ്പ്. വ്യക്തിഗത കേസുകളിലെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടി ക്രമങ്ങൾ മാനിച്ച് കൂടുതൽ കാര്യങ്ങൾ ബെൽജിയം വെളിപ്പെടുത്തിയിട്ടില്ല.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13850 കോടി രൂപ കബളിപ്പിച്ച് ഇന്ത്യയിൽ നിന്നും 2018 ജനുവരി 2ന് ഒളിവിൽ പോയ 65 കാരനായ വജ്ര വ്യാപാരി, മെഹുൽ ചോക്സിയെ സിബിഐയും എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റും തിരയുകയായിരുന്നു. ഈ തട്ടിപ്പിൽ ചോക്സിയുടെ അനന്തരവനായ നീരവ് മോദിയും ഉൾപ്പെട്ടിരുന്നു.

രക്താർബുദത്തിന്റെ ചികിത്സയ്ക്കായി ബെൽജിയത്തിലാണ് ചോക്സിയെന്ന് ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ മുംബൈ കോടതിയെ അറിയിച്ചിരുന്നു. അതിനാൽ ഇന്ത്യയിലേക്കു യാത്ര ചെയ്യാനാകില്ലെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്.   ഏഴു വർഷത്തിലേറെയായി ഇന്ത്യൻ ഏജൻസികൾ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ചോക്സിയെ ബെൽജിയത്തിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.

Exit mobile version