ചെറുതോണി ദൈവംമേട്ടില്‍ കെഎസ്ഇബി ട്രാന്‍സ്‌ഫോമര്‍ അഴിച്ച് അലുമിനിയം കോയില്‍ മോഷ്ടിച്ചു കടത്തിയ മൂന്ന് പേര്‍ പിടിയില്‍. വാത്തിക്കുടി കൊന്നയ്ക്കാമാലി ദൈവംമേട് സ്വദേശികളായ പുന്നമറ്റത്തില്‍ സെബിന്‍ (30), കാരികുന്നേല്‍ തോമസ് (49), മറ്റപ്പിള്ളിയില്‍ ബിനു (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ദൈവംമേട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പാറമടയ്ക്കു വേണ്ടി വൈദ്യുതി ബോര്‍ഡ് സ്ഥാപിച്ചതായിരുന്നു ട്രാന്‍സ്‌ഫോമര്‍. പാറമട ഏതാനും വര്‍ഷം മുന്‍പ് നിര്‍ത്തിപ്പോയെങ്കിലും വൈദ്യുതി ബോര്‍ഡ് ട്രാന്‍സ്‌ഫോമര്‍ തിരികെ എടുത്തില്ല. ഉപയോഗമില്ലാത്ത ഈ ട്രാന്‍സ്‌ഫോമറിനുള്ളില്‍ ലക്ഷങ്ങളുടെ മൂല്യമുള്ള ചെമ്പു കമ്പിയും കോയിലും കിട്ടുമെന്ന് പ്രതികളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതനുസരിച്ച് പ്രതികള്‍ മൂന്നു പേരും ചേര്‍ന്നാണ് ട്രാന്‍സ്‌ഫോമര്‍ ഇളക്കി എടുക്കുന്നതിനു പദ്ധതിയിട്ടത്. ഇതിനായി കിണറിനും മറ്റും ഉപയോഗിക്കുന്ന കപ്പിയാണ് ഉപയോഗിച്ചത്. എന്നാല്‍ ട്രാന്‍സ്‌ഫോമര്‍ പൊക്കിയെടുത്തു കവചം അഴിച്ചു മാറ്റിയപ്പോള്‍ ചെമ്പുകമ്പിക്കു പകരം അലുമിനിയം കോയിലാണു ലഭിച്ചത്. തുടര്‍ന്ന് അലുമിനിയം കോയില്‍ മാത്രം എടുത്ത് പിക്കപ് വാനില്‍ കടന്നുകളഞ്ഞു.
കഴിഞ്ഞ മാസം 23 നു ആയിരുന്നു സംഭവം. മോഷണത്തിനു ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് ഉപേക്ഷിച്ച കപ്പിയാണ് കേസിനു വഴിത്തിരിവായത്. കപ്പിയില്‍ രേഖപ്പെടുത്തിയിരുന്ന കോഡ് നമ്പര്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തില്‍ ഇതു തോപ്രാംകുടിയിലെ ഇരുമ്പുകടയില്‍ നിന്നു വാങ്ങിയതാണെന്നു കണ്ടെത്തി. ഇതോടെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. ഒന്നാം പ്രതിയുടെ പുരയിടത്തില്‍ നിന്ന് തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ട്രാന്‍സ്‌ഫോമര്‍ കടത്താനുപയോഗിച്ച പിക്കപ് വാനും പൊലീസ് പിടിച്ചെടുത്തു. മുരിക്കാശേരി ഇന്‍സ്‌പെക്ടര്‍ എന്‍ എസ് റോയി, അഡിഷനല്‍ ഇന്‍സ്‌പെക്ടര്‍ സാബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
English summary; transformer was stripped and the aluminum coil was stolen; Three people are under arrest
You may also like this video;