ലോകത്തുതന്നെ ഏറ്റവും മഹത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ജനാധിപത്യ സംവിധാനമാണ് ഇന്ത്യയിലേത്. ഏറ്റവുമധികം സമ്മതിദായകര്‍ വോട്ടു ചെയ്യുന്നുവെന്നതുകൊണ്ട് മാത്രമല്ല, പ്രക്രിയയിലെ സുതാര്യതയും നിഷ്പക്ഷതയും അത്തരമൊരു വിശേഷണത്തിനുള്ള കാരണമാണ്. പക്ഷേ നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും സംശയാസ്പദമായ നടപടികള്‍ അരങ്ങേറുന്നുവെന്ന ആരോപണം കുറച്ചുനാളുകളായി വ്യാപകമാണ്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചില നടപടികള്‍ ആ സംശയം സാധൂകരിക്കുകയും ചെയ്യുന്നു. വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതില്‍ വിട്ടുവീഴ്ചകളുണ്ടാകുന്നുവെന്ന ആരോപണം ഇത്തവണയും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തിലുയര്‍ന്നതാണ്. പുത്തന്‍ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ചൊരിഞ്ഞുതീരുന്നതിന് കേന്ദ്ര ഭരണകക്ഷിക്ക് അവസരം നല്കുന്നതിനുവേണ്ടി പ്രഖ്യാപനം വൈകിപ്പിച്ചുവെന്ന ആരോപണം പല തവണയുണ്ടായിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ എന്നിവര്‍ നഗ്നമായ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വിവാദവും സംശയാസ്പദവുമായിരുന്നു.
ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷമാകണം
പ്രസ്തുത തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയ കമ്മിഷണര്‍ അശോക് ലവാസയ്ക്ക് കാലാവധി തീരുന്നതിന് മുമ്പ് ഒഴിഞ്ഞുപോകേണ്ടിവരികയും ചെയ്തിരുന്നു. രണ്ടുവര്‍ഷം ബാക്കിയിരിക്കെയാണ് എ ഡി ബിയില്‍ ചേരുന്നതിനുവേണ്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞുപോയത്. എന്നാല്‍ മോഡിക്കും അമിത് ഷായ്ക്കുമെതിരെ നിലപാടെടുത്തതിന് പിന്നാലെ അദ്ദേഹം കേന്ദ്ര ഏജന്‍സികളാല്‍ നിരന്തര വേട്ടയാടലിന് വിധേയമായതാണ് ഒഴിഞ്ഞുപോക്കിന് യഥാര്‍ത്ഥ കാരണമെന്ന് അന്ന് വ്യക്തമാക്കപ്പെട്ടിരുന്നതാണ്. ഭാര്യ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ബന്ധുക്കളും ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ പരിശോധനയ്ക്ക് വിധേയമായി. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംശയാസ്പദമായ നിരവധി കാര്യങ്ങള്‍ ഉണ്ടായെന്നിരിക്കേയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരമോന്നത കോടതിയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തെ കുറിച്ചുള്ള സുപ്രധാനമായ നിരീക്ഷണങ്ങളും ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രപതിയാണ് നിയമിക്കുന്നത്. അതിനുള്ള പട്ടിക മന്ത്രിസഭയാണ് നല്കേണ്ടത്. ആറുവര്‍ഷമോ 65 വയസ് പൂര്‍ത്തിയാകുന്നതോ ഏതാണ് ആദ്യം അത്രയുമാണ് കാലാവധിയെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി പ്രസ്തുത കാലപരിധി പാലിക്കപ്പെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആറ് കമ്മിഷണര്‍മാരുണ്ടായി. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം, 2015 മുതല്‍ എട്ട് കമ്മിഷണര്‍മാരെയാണ് നിയമിച്ചത്. പ്രായപരിധിക്കടുത്തെത്തിയവരെ മാത്രമാണ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇത് ശരിയായ പ്രവണതയല്ലെന്ന് കോടതി അഭിപ്രായപ്പെടുകയുണ്ടായി.
ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ മത്സരിക്കരുത്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്നിവരുടെ നിയമന നടപടി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കെത്തിയത്. 2018ലാണ് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടത്. കേസ് പരിഗണനയ്ക്കെടുക്കുന്നതിന് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിച്ച നടപടിയിലെ മിന്നല്‍ വേഗതയാണ് രൂക്ഷമായ വിമര്‍ശനത്തിന് കോടതിയെ പ്രേരിപ്പിച്ചതെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ സമീപകാലത്തെ നടപടികളെല്ലാം ദുരൂഹവും കമ്മിഷന്റെ നിഷ്പക്ഷമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നതുമാണെന്ന് പരിശോധിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. ഗോയലിന്റെ നിയമനം സംബന്ധിച്ച ഫയലുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ കോടതിക്കു മുമ്പാകെ ലഭിച്ചിരുന്നു. അവ പരിശോധിച്ച പരമോന്നത കോടതി ഒരു ദിവസംകൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്തവരെ അധികകാലം വച്ചുപൊറുപ്പിക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ ഗൂഢോദ്ദേശ്യമാണ് നിശ്ചിത കാലാവധിയില്ലാത്തവരെ നിയമിക്കുന്നതിന് പിന്നിലെന്ന് വ്യക്തമാണ്. അതുകൂടിയാണ് കോടതിയുടെ നിരീക്ഷണത്തിലൂടെ തുറന്നുകാട്ടപ്പെടുന്നത്.
ഇതുകൂടി വായിക്കൂ: റിസോര്‍ട്ട് രാഷ്ട്രീയമെന്ന നാണക്കേട്
ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ കൂടുതല്‍ സുതാര്യവും നിഷ്പക്ഷവുമാകണമെങ്കില്‍ കമ്മിഷണര്‍മാരുടെ നിയമനരീതി പരിഷ്കരിച്ചതുകൊണ്ടുമാത്രം സാധ്യമാകില്ല. ചങ്ങാത്ത മുതലാളിത്തത്തിന്റെ വര്‍ത്തമാന കാലത്ത് പണക്കൊഴുപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ വിജയിക്കുവാന്‍ സാധിക്കുന്ന പ്രക്രിയയായി തെരഞ്ഞെടുപ്പുകള്‍ മാറിയിട്ടുണ്ട്. ഈയവസ്ഥയില്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ടിങ്, പങ്കാളിത്ത പ്രാതിനിധ്യം തുടങ്ങിയ പരിഷ്കാരങ്ങള്‍ കൂടി നടപ്പിലാക്കേണ്ടതുണ്ട്. കോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍ അത്തരം കാതലായ തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനുള്ള വഴി തുറക്കുന്നതിനു കൂടി സഹായകമാകണം.