6 May 2024, Monday

റിസോര്‍ട്ട് രാഷ്ട്രീയമെന്ന നാണക്കേട്

Janayugom Webdesk
June 8, 2022 5:00 am

തെരഞ്ഞെടുപ്പ് അനന്തരമുള്ള മന്ത്രിസഭാ രൂപീകരണനീക്കം, രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ എന്നീ ഘട്ടങ്ങളില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന പദമായി റിസോര്‍ട്ട് രാഷ്ട്രീയം മാറിയിരിക്കുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കുമെന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പരസ്പരമുള്ള ഭീതിയില്‍ നിയമസഭാംഗങ്ങളെ റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ച് തീറ്റിപ്പോറ്റുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ നാം വായിച്ചുകൊണ്ടിരിക്കുന്നത്. ദശകങ്ങള്‍ക്ക് മുമ്പു മുതല്‍ നാം കേട്ടുകൊണ്ടിരിക്കുന്ന ആയാറാം ഗയാറാം എന്ന രാഷ്ട്രീയ വൃത്തികേടിനെ മറികടക്കുവാന്‍ വലതുപക്ഷ രഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന പുതിയരീതിയാണ് റിസോര്‍ട്ട് രാഷ്ട്രീയം. റിസോര്‍ട്ടുകളില്‍ സുഖിച്ച് താമസിച്ചശേഷം മറുകണ്ടം ചാടിയ അനുഭവങ്ങളും വിരളമല്ല. തങ്ങളുടെ അംഗങ്ങള്‍ പണമോ മറ്റ് സ്ഥാനമാനങ്ങളോ പ്രതീക്ഷിച്ച് കൂറുമാറിയേക്കുമെന്ന വിശ്വാസക്കുറവാണ് നേതൃത്വത്തെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിക്കുന്നത്. രാഷ്ട്രീയ ധാര്‍മ്മികതയ്ക്കു ചേരാത്തതും നാണക്കേടുണ്ടാക്കുന്നതുമായ ഈ രീതി സൃഷ്ടിക്കുന്നതില്‍ ഇന്ത്യയിലെ ഒട്ടുമിക്ക വലതുപക്ഷ — പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരേപോലെ ഉത്തരവാദിത്തമുണ്ട്. 1984ല്‍ അവിഭക്ത ആന്ധ്രപ്രദേശില്‍ അധികാര അട്ടിമറിക്കു ശ്രമമുണ്ടായപ്പോള്‍ തെലുഗുദേശം പാര്‍ട്ടിയുടെ എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച അനുഭവമുണ്ടായി. 2005ല്‍ ബിഹാറില്‍ ലോക് ‌ജനശക്തി പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളെ ജംഷെഡ്പുരിലും 2007ല്‍ അരുണാചല്‍ പ്രദേശില്‍ കൂറുമാറ്റം ഭയന്ന കോണ്‍ഗ്രസ് തങ്ങളുടെ 20 അംഗങ്ങളെ ഗുഡ്ഗാവിലും റിസോര്‍ട്ടിലാക്കി.


ഇതുകൂടി വായിക്കാം; യാഥാസ്ഥിതിക ചിന്തകളെ തളയ്ക്കണം


2016ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് — ജനതാദള്‍ മന്ത്രിസഭ നിലംപൊത്തുന്ന സാഹചര്യമുണ്ടായപ്പോള്‍ കൂറുമാറ്റം ഭയന്ന് ബിജെപി എംഎല്‍എമാരെ മുംബൈയിലെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു. തമിഴ്‌നാട്ടില്‍ 2017ല്‍ ജയലളിതയുടെ കാലത്ത് എഐഎഡിഎംകെ അംഗങ്ങളെയും ഇതുപോലെ പാര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ പത്തിന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു സാഹചര്യമുണ്ടാക്കിയത് ജനാധിപത്യ മര്യാദ അംഗീകരിക്കാതെ കൂടുതല്‍ സീറ്റുകളില്‍ ജയിച്ചുകയറുകയെന്ന ബിജെപിയുടെ ദുഷ്ടലാക്കാണ്. പ്രാതിനിധ്യ ജനാധിപത്യമനുസരിച്ച് തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങള്‍ക്കപ്പുറം കൂറുമാറ്റത്തിലൂടെയോ ചാക്കിട്ടുപിടിത്തത്തിലൂടെയോ പണവും സ്ഥാനമാനങ്ങളും നല്കിയുള്ള പ്രലോഭനത്തിലൂടെയോ എതിര്‍പക്ഷത്തുള്ളവരെ തങ്ങ ളുടെ ഭാഗത്തെത്തിച്ച് അധിക രാജ്യസഭാംഗങ്ങളെ ജയിപ്പിക്കുകയെന്ന കുതന്ത്രം പ്രയോഗിക്കുവാന്‍ ബിജെപി ശ്രമിച്ചു. അധികമുള്ള അംഗങ്ങളെയും എതിര്‍ഭാഗത്തുനിന്ന് വലവീശിപ്പിടിക്കുന്നവരെയും ചേര്‍ത്ത് കൂടുതല്‍ രാജ്യസഭാ സീറ്റ് ജയിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ അവര്‍ ചില സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി. നിയമസഭാംഗങ്ങളെ വിലയ്ക്കുവാങ്ങുന്നതിന് പണമിറക്കാന്‍ സാധിക്കുന്ന അതിസമ്പന്നരെ സ്ഥാനാര്‍ത്ഥികളാക്കിയാണ് ബിജെപി ഇതിന് നീക്കമാരംഭിച്ചത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ രാജീവ് ചന്ദ്രശേഖറെന്ന വ്യാപാര പ്രമുഖനെ സ്ഥാനാര്‍ത്ഥിയാക്കി കര്‍ണാടകയിലും മറ്റും നടത്തിയ പരീക്ഷണം ആവര്‍ത്തിക്കുവാനാണ് ബിജെപി ശ്രമിക്കുന്നത്. രാജസ്ഥാനില്‍ മാധ്യമ മേധാവി സുഭാഷ് ചന്ദ്ര, മഹാരാഷ്ട്രയിൽ ധനഞ്ജയ് മഹാദിക്ക്, കർണാടകയിൽ ലഹർ സിങ് എന്നിവരെയാണ് ഇതിനായി രംഗത്തെത്തിച്ചത്. ഇത് കുതിരക്കച്ചവടത്തിലൂടെ രാജ്യസഭയിലെ അംഗബലം വര്‍ധിപ്പിക്കുവാനുള്ള ബിജെപി നീക്കമാണെന്ന് ഭയന്ന് കോണ്‍ഗ്രസും ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും തങ്ങളുടെ അംഗങ്ങളെ റിസോര്‍ട്ടുകളിലേക്ക് മാറ്റി. തിരിച്ചും സംഭവിക്കാമെന്ന് ഭയന്ന് രാജസ്ഥാനില്‍ ബിജെപിയും തങ്ങളുടെ അംഗങ്ങളെ റിസോര്‍ട്ടുകളിലാക്കിയിരിക്കുകയാണ്.


ഇതുകൂടി വായിക്കാം;  ആർഎസ്എസും മുസ്‌ലിം ആർഎസ്എസും


കുറേ ദശകങ്ങളായി റിസോര്‍ട്ട് രാഷ്ട്രീയമെന്ന വൃത്തികെട്ട പദം കേള്‍ക്കുന്നുണ്ടെങ്കിലും ജനാധിപത്യത്തോടും പാര്‍ലമെന്ററി സംവിധാനത്തോടും ഒട്ടും പ്രതിബദ്ധതയില്ലാത്ത ബിജെപിയുടെ അധികാര രാഷ്ട്രീയ മോഹമാണ് അതിന് വ്യാപ്തിയുംപ്രചാരവും നേടിക്കൊടുത്തത്. ആയാറാം ഗയാറാം രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കളെന്ന് വിളിക്കാവുന്ന കോണ്‍ഗ്രസാണ് കൂടുതലും അതിന്റെ ഇരകളെങ്കിലും അവരും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളില്‍ പലതും ഇതേരീതി സ്വീകരിക്കാറുണ്ട്. അധികാരം നിലനിര്‍ത്തുന്നതിനും അനര്‍ഹമായത് നേടിയെടുക്കുന്നതിനുമാണ് വലതുപക്ഷ — പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളെ ഇത്തരം അധാര്‍മിക നടപടിക്ക് പ്രേരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സ്വീകരിക്കുന്ന നയപരവും വിഷയപരവുമായ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വോട്ടവകാശം വിനിയോഗിച്ച് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ പിന്നീട് ജനങ്ങളോട് പറഞ്ഞ നയങ്ങളും നല്കിയ വാഗ്ദാനങ്ങളും മറന്ന് ഭിക്ഷാംദേഹികളാകുന്ന സ്ഥിതി സംജാതമാകുന്നു. ഇതാണ് ഇത്തരം ജീര്‍ണ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഇങ്ങനെ വന്‍തോതില്‍ പണം മുടക്കി അധികാരം പിടിക്കുമ്പോള്‍ പിന്നീടുള്ള ലക്ഷ്യം അത് തിരിച്ചുപിടിക്കുകയെന്നതു മാത്രമാകുന്നു. വിനിയോഗിക്കുന്നതിനുള്ള പണം നല്കി സഹായിച്ചവര്‍ക്ക് പ്രത്യുപകാരം നല്കുകയും അധികാരത്തിലൂടെ പണമുണ്ടാക്കുകയും ചെയ്യുകയെന്നതു മാത്രമായി അധികാരലക്ഷ്യം വഴിമാറുന്നു. അവിടെ സമ്മതിദായകര്‍ എന്ന വിഭാഗം പരിഗണനാമേഖലയില്‍ നിന്ന് പുറത്താകുകയും ചെയ്യുന്നു. ഇത് പൂര്‍വികര്‍ ലക്ഷ്യംവച്ചതും ജനം ആഗ്രഹിച്ചതുമായ മഹത്തായ ജനാധിപത്യത്തിന്റെ മരണത്തിനു തുല്യവും രാജ്യത്തിന് നാണക്കേടുമാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.