Site iconSite icon Janayugom Online

ഗവിയിലേയ്ക്ക് കെഎസ്ആർടിസിയിൽ യാത്ര; വനത്തില്‍ കുടുങ്ങിയ 38 യാത്രക്കാരെയും തിരികെയെത്തിച്ചു

കെഎസ്ആ‍ർടിസി ബസിൽ ഗവിയിലേയ്ക്ക് ഉല്ലാസയാത്ര പോയി മണിക്കൂറുകളോളം വനത്തിൽ കുടുങ്ങിയ യാത്രക്കാരെ തിരികെ എത്തിച്ചു. ചടയമംഗലത്ത് നിന്ന് വന്ന 38 പേരാണ് മൂഴിയാര്‍ വനത്തില്‍ കുടുങ്ങിയത്. പകരം ബസ് എത്തിക്കുന്നതിൽ അധികൃതർക്ക് വീഴ്ചപറ്റിയെന്ന് യാത്രക്കാർ പറഞ്ഞു. വൈകീട്ട് അഞ്ചരയോടെയാണ് തകരാർ പരിഹരിച്ച് ആളുകളെ ജനവാസമേഖലയിൽ എത്തിക്കാന്‍ കഴിഞ്ഞത്.

ഇന്ന് പുലര്‍ച്ചെ ചടയമംഗലത്ത് നിന്നും വിനോദയാത്രാ സംഘവുമായി ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് 11 മണിയോടെ വനമേഖലയിലെ നാല്പത് എന്ന സ്ഥലത്ത് വെച്ച് കേടാവുകയായിരുന്നു. യാത്രക്കാരെ തിരികെയെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. യാത്ര പകുതി വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കും. സിഎംഡിയുടെ അനുമതി ലഭിച്ചശേഷം ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കുക.

Exit mobile version