Site icon Janayugom Online

തീരദേശ പാതയിലെ യാത്രാദുരിതം തുടരും

എസ്റ്റിമേറ്റിന് അനുമതിയാകാത്തതിനെ തുടർന്ന് അമ്പലപ്പുഴ — എറണാകുളം റയിൽവേ പാത ഇരട്ടിപ്പിക്കൽ നീളുന്നു. റയിൽവേ ബോർഡിന്റെ അനുമതി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തീരദേശ പാതയിലെ സ്ഥലമെടുപ്പ് ഉൾപ്പടെയുള്ള പ്രാരംഭ നടപടി ക്രമങ്ങൾ പോലും ഇനിയും ആരംഭിക്കാനായിട്ടില്ല.
തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തിന് റയിൽവേ ബോർഡിന്റെ അനുമതിയും എസ്റ്റിമേറ്റ് അനുമതിയും ലഭിച്ചിട്ടില്ല. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പുതുക്കിയ ശേഷം ഭൂമി ഏറ്റെടുക്കാൻ 510 കോടി രൂപ റെയിൽവേ കെട്ടിവച്ചിരുന്നു. 2019 ൽ പദ്ധതി ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണം എന്നാവശ്യപ്പെട്ട് റെയിൽവേ പദ്ധതി മരവിപ്പിച്ചു. ചരക്ക് ഗതാഗതം കുറവായതിനാൽ ലാഭകരം അല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. വേണ്ടത്ര ട്രെയിനുകൾ ഇല്ലാത്തതിനാൽ കടുത്ത യാത്രാദുരിതമാണ് തീരദേശ പാതയിലുള്ളത്. 

പാത നിർമാണത്തിന് അനുമതിയുണ്ടെങ്കിലും എസ്റ്റിമേറ്റിന് റയിൽവേ ബോർഡ് അനുമതി നൽകാത്തത് ദുരൂഹത ഉണ്ടാക്കുന്നുണ്ട്. തുറവൂർ‑അമ്പലപ്പുഴ‑1416.49 കോടി, എറണാകുളം-കുമ്പളം 608.88 കോടി, കുമ്പളം-തുറവൂർ 825.37 കോടി എന്നിങ്ങനെയാണ് വിവിധ റീച്ചുകളുടെ എസ്റ്റിമേറ്റ്. എക്സ്റ്റൻഡഡ് റയിൽവേ ബോർഡ് യോഗത്തിൽ പാത നിർമാണത്തെ ധനവകുപ്പ് എതിർത്തതാണ് എസ്റ്റിമേറ്റിന് അനുമതി വൈകുവാൻ കാരണം. കായംകുളം മുതൽ അമ്പലപ്പുഴ വരെയുള്ള പാത ഇരട്ടിപ്പിക്കൽ മാത്രമാണ് പൂർത്തിയായത്. ഇനി 69 കിലോമീറ്റർ ദൂരമാണ് ഇരട്ടിപ്പിക്കാനുള്ളത്. ഇതുകൂടി പൂർത്തിയാക്കിയാൽ മാത്രമേ കൂടുതൽ ട്രെയിനുകൾക്ക് ഇതുവഴി സർവീസ് നടത്താനാകൂ.

Eng­lish Sum­ma­ry: Trav­el on the coastal road will con­tin­ue to suffer

You may also like this video

Exit mobile version