കോടതി വിചാരണ തീരും വരെ കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള പിഡിപി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് മഅ്ദനിക്കു വേണ്ടി അഡ്വ. ഹാരിസ് ബീരാൻ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്പാകെ അഭ്യര്‍ത്ഥിച്ചിരുന്നു. 2014ൽ ജാമ്യം അനുവദിച്ചപ്പോൾ മുന്നോട്ടുവച്ച വ്യവസ്ഥകളിൽ ജന്മനാട്ടിലേക്ക് പോകാനായി ഇളവ് ചെയ്യണമെന്നാണ് മഅ്ദനിയുടെ ആവശ്യം.
പ്രമേഹം, രക്തസമ്മർദം, അതുമായി ബന്ധപ്പെട്ട സ്ട്രോക്ക് തുടങ്ങി നിരവധി രോഗങ്ങളുടെ വിവരങ്ങള്‍ മഅ്ദനി സുപ്രീം കോടതിയുടെ മുന്നില്‍ വച്ചു. ക്രിയാറ്റിൻ നില ഉയർന്ന് ഡയാലിസിസ് നടത്തേണ്ട സാഹചര്യമാണ്. വൃക്ക മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിച്ചതായും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുകൂലമല്ലാത്ത കാലാവസ്ഥയും ചുറ്റുപാടും അധിക സാമ്പത്തിക ബാധ്യതയും നിരവധി രോഗങ്ങൾ അലട്ടുന്ന തന്റെ ആരോഗ്യസ്ഥിതിയെ അങ്ങേയറ്റം ബാധിച്ചിരിക്കുന്നതായാണ് മഅ്ദനി പറയുന്നത്.
നാലു മാസത്തിനകം തീർക്കുമെന്ന് കർണാടക സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പുനൽകിയ കേസില്‍ എട്ടു വർഷം കഴിഞ്ഞിട്ടും വിചാരണ നീണ്ടുപോകുകയാണെന്നും ആരോഗ്യാവസ്ഥ മോശമായി ബംഗളൂരുവിൽ വീട്ടുതടങ്കലിന് സമാനമായ സ്ഥിതിയിലാണെന്നും ഹർജിയിൽ ചേർത്തിരുന്നു. ഇതേതുടർന്നാണ് കേസ് അടിയന്തിരമായി നാളെ പരിഗണിക്കുന്നത്.
English Sammury: Treatment should be in Kerala; Madani’s application will be considered tomorrow