Site iconSite icon Janayugom Online

കടന്നുകയറ്റം അനുവദിക്കില്ല

pinarayipinarayi

നിയമനിർമ്മാണ സഭയുടെ അധികാരങ്ങൾക്ക് മുകളിലുള്ള ഒരു കടന്നുകയറ്റവും അനുവദിച്ചുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഗവർണർമാർ സജീവ രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നാണ്‌ പൊതുസങ്കല്പമെങ്കിലും ഇവിടൊരാൾ സമാന്തര സർക്കാരാകാൻ ശ്രമിക്കുകയാണ്. അധികാരം തന്നില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് കരുതുന്നതുകൊണ്ടാണ് പ്രീതി പിൻവലിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തുന്നത്. അത്‌ തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ട്, നിയമസഭയുണ്ട്, അതിനെല്ലാം മുകളിൽ ജനങ്ങളുണ്ട്‌. ഇക്കാര്യം ആരും മറക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മ സംഘടിപ്പിച്ച സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും സാധിക്കില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ ആര്‍എസ്എസിനെ അസ്വസ്ഥമാക്കുകയാണ്. ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സംസ്ഥാനം തയാറാവുന്നില്ല. തല്പരകക്ഷികളുടെ അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ നാടോ സര്‍ക്കാരോ പതറുകയില്ല. പൊതു-ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ നിയമങ്ങൾക്കനുസൃതമായാണ്. സംസ്ഥാന നിയമങ്ങളെയും അവ നിർമ്മിക്കുന്ന നിയമസഭയെയും സാമാജികരെയും നോക്കുകുത്തികളാക്കാം എന്നാണ് ചിലർ കരുതുന്നത്.
നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്‌ ജനങ്ങളാണ്. അവരോടാണ് നിയമസഭാംഗങ്ങൾ ഉത്തരവാദപ്പെട്ടിരിക്കുന്നത്. ഭരണഘടനാപരമായ ഇത്തരം രീതികളിലല്ല, മറിച്ച് തന്നിലാണ് ഇന്നാട്ടിലെ എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാരെങ്കിലും കരുതിയാൽ വെറുതെ അങ്ങനെ കരുതാം എന്നല്ലാതെ ജനം വകവച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാൻസലർ പദവി നിയമസഭ നൽകിയതാണ്. ആ പദവിയിൽ ഇരുന്നാണ്‌ സർവകലാശാലകളെ അപകീർത്തിപ്പെടുത്തുന്നത്‌. ചാൻസലർക്ക് സർവകലാശാലാ നിയമത്തിന്റെയല്ലാതെ ഭരണഘടനയുടെ സവിശേഷ പരിരക്ഷയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എകെജി ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, മന്ത്രിമാരായ ആർ ബിന്ദു, ആന്റണി രാജു, അഹമ്മദ്‌ ദേവർകോവിൽ, എംഎൽഎമാരായ മാത്യു ടി തോമസ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, കക്ഷിനേതാക്കളായ പി സി ചാക്കോ, വർഗീസ്‌ ജോർജ്‌, റോണി മാത്യു, ബിനോയ്‌ ജോസഫ്‌ എന്നിവർ സംസാരിച്ചു. 

സംഘ്പരിവാര്‍ അജണ്ടയെ കേരളം പരാജയപ്പെടുത്തും: കാനം

തിരുവനന്തപുരം: സര്‍വകലാശാലകളെ സംരക്ഷിക്കാനും അതിനെതിരായി വരുന്ന അക്രമങ്ങളെ ചെറുക്കുവാനും പൗരബോധമുള്ള കേരള സമൂഹം മുന്നോട്ട് വരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മയില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്തിചിന്തയും ശാസ്ത്രബോധവും ഉള്ള ഒരു പുതിയ തലമുറ സൃഷ്ടിക്കുന്നതിന് എതിരാണ് സംഘ്പരിവാര്‍. കേരളത്തിലെ പുതിയ തലമുറയുടെ ചിന്തയും അവരുടെ ബോധവും മാറ്റിമറിക്കുവാനുള്ള പരിശ്രമമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി നമ്മുടെ യൂണിവേഴ്സിറ്റികളെ പ്രശ്നമേഖലയായി മാറ്റിയെടുക്കുവാന്‍ വേണ്ടി നടത്തുന്ന ബോധപൂര്‍വമായ പരിശ്രമങ്ങളുടെ മുന്നില്‍ ചാന്‍സലര്‍ തന്നെയാണ് എന്നത് നിര്‍ഭാഗ്യകരമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഏതെങ്കിലും ഒരു ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലറേ കേരളത്തിലുള്ളു. മുഖ്യമന്ത്രി ഒരു വൈസ് ചാന്‍സലറേയും നിയമിച്ചിട്ടില്ല. അവരുടെ നടപടികളെ വ്യത്യസ്തമായ സാഹചര്യത്തില്‍ ചോദ്യം ചെയ്യുകയാണ് ഗവര്‍ണര്‍ ചെയ്തുകാണ്ടിരിക്കുന്നത്. ഇത് തികച്ചും ജനാധിപ‍ത്യ വിരുദ്ധമായ ഒരു കാര്യമാണ്. അത്തരം നടപടികള്‍ ചെറുക്കാനുള്ള ബാധ്യത കേരളത്തിന്റെ പൊതു സമൂഹത്തിനുണ്ട്. നിയമവിരുദ്ധമായി ഒരു ചാന്‍സലര്‍ക്കും പ്രവര്‍ത്തിക്കുവാനുള്ള അവകാശമില്ലെന്നും കാനം പറഞ്ഞു. 

വിസിമാരുടെ ഹർജിയിൽ ചാൻസലറോട് വിശദീകരണം തേടി 

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരെ സര്‍വകലാശാല വിസിമാർ നൽകിയ ഹർജിയില്‍ എതിര്‍കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം കാരണം കാണിക്കൽ നോട്ടീസില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും.
ഗവർണർ രാജിയാവശ്യപ്പെട്ട വിസിമാരിൽ ഏഴ് പേരാണ് കാരണം കാണിക്കൽ നോട്ടീസിനെതിരെ കോടതിയെ സമീപിച്ചത്. അതിനിടെ കാരണം കാണിക്കാനുള്ള സമയം ഇന്നവസാനിക്കുമെന്ന് ഓ‍ർമിപ്പിച്ച് ഗവർണർ വിസിമാർക്ക് വീണ്ടും കത്ത് നൽകിയിട്ടുണ്ട്. അധികാരപരിധി കടന്നുള്ള നടപടികള്‍ക്കെതിരെ നിയമയുദ്ധം കോടതിയിൽ നടക്കുമ്പോഴും വിസിമാർക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുക ഉള്‍പ്പെടെയുള്ള കടുത്ത ഭീഷണികളും ഗവർണർ വീണ്ടും ഉയര്‍ത്തുന്നുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ‘പുറത്താക്കൽ’ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. നാളെ വീണ്ടും യോഗം ചേരാൻ കഴിയുമോയെന്ന് അറിയിക്കാൻ സർവകലാശാല സമയം തേടിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Tres­pass­ing will not be allowed

You may also like this video

Exit mobile version