Site iconSite icon Janayugom Online

ട്രംപിന്റെ നിലപാടുകള്‍ ആഗോള ഐക്യം അസ്ഥിരപ്പെടുത്തുന്നത്: സിപിഐ

ലോകത്തിനുമേല്‍ അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങള്‍ അടിച്ചേല്പിക്കുന്നതാണ് യുഎസ് പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉദ്ഘാടന പ്രസംഗമെന്ന് സിപിഐ. ട്രംപിന്റെ നിലപാടുകള്‍ ആഗോള ഐക്യത്തെ അസ്ഥിരപ്പെടുത്തുമെന്നും ഇന്ത്യയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

രാജ്യങ്ങളുടെ പരമാധികാരം, പരസ്പര ബഹുമാനം, അന്താരാഷ്ട്ര നിയമം എന്നീ തത്വങ്ങളെ തുരങ്കം വയ്ക്കുന്നതാണ് ട്രംപിന്റെ വാക്കുകള്‍. കാലാവസ്ഥാ വ്യതിയാനം ചെറുക്കല്‍, വംശനാശ ഭീഷണി നേരിടുന്ന ആവാസവ്യവസ്ഥകളുടെ സംരക്ഷണം എന്നിവയില്‍ നിന്നുള്ള പിന്തിരിയല്‍ യുഎസ് ഭരണകൂടം ലക്ഷ്യമിടുന്നു. ലിംഗസമത്വത്തെ തള്ളിക്കളയുന്നതും പുരുഷാധിപത്യത്തെ ന്യായീകരിക്കുന്നതും സാമൂഹികനീതിക്ക് ഗുരുതര ഭീഷണി ഉയർത്തുന്നതാണ്.
ലാറ്റിനമേരിക്കയോടും പ്രത്യേകിച്ച് ക്യൂബയോടുള്ള ആക്രമണാത്മക നിലപാടുകൾ, രാഷ്ട്രങ്ങളുടെ സ്വയം നിർണയാവകാശത്തെ ഭീഷണിപ്പെടുത്തുന്ന സാമ്രാജ്യത്വ ഇടപെടൽ തുടരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. 

അമേരിക്കയുമായുള്ള തന്ത്രപ്രധാന ഇടപെടലുകളില്‍ ഇന്ത്യ ദേശീയ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബഹുമുഖ പ്രാധാന്യം ഉറപ്പാക്കി, തുല്യആഗോള ക്രമത്തിന് വാദിച്ചുകൊണ്ട് യുഎസ് ഭരണകൂടവുമായി ഇടപെടല്‍ നടത്തണം. മാറിക്കൊണ്ടിരിക്കുന്ന യുഎസ് നയങ്ങളുടെ പശ്ചാത്തലത്തിൽ ബാഹ്യ സമ്മർദങ്ങളെ ചെറുക്കുകയും ആഭ്യന്തര മുൻഗണനകൾ വിട്ടുവീഴ്ചയില്ലാതെ തുടരുകയും വേണം.
പുതിയ യുഎസ് ഭരണത്തെക്കുറിച്ച് ജാഗരൂകരായിരിക്കാനും ഇന്ത്യൻ സര്‍ക്കാര്‍ യുഎസ് സമ്മർദത്തിന് വഴങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ സാമ്രാജ്യത്വ വിരുദ്ധ ഐക്യദാർഢ്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ജനങ്ങളോടും സിപിഐ ആഹ്വാനം ചെയ്തു. 

Exit mobile version