Site iconSite icon Janayugom Online

ട്രംപിന്റെ താരിഫ് യുദ്ധം; യുഎസിലേക്കുള്ള തപാൽ സേവനങ്ങള്‍ നിര്‍ത്തി

ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ധനക്ക് പിന്നാലെ അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര തപാൽ സേവനങ്ങള്‍ താത്ക്കാലികമായി നിർത്തിവച്ച് ഇന്ത്യ. ഈ മാസം 25 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
ട്രംപ് ഭരണകൂടം ജൂലൈ 30ന് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡർ നമ്പർ 14324 പ്രകാരം യുഎസ് കസ്റ്റംസ് നിയമങ്ങളിലുണ്ടാകുന്ന മാറ്റം കണക്കിലെടുത്താണ് നടപടി. ഓഗസ്റ്റ് 25 ന് ശേഷം ചരക്കുകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് യുഎസിലേക്കുള്ള വിമാനക്കമ്പനികൾ ഇന്ത്യൻ അധികാരികളെ അറിയിച്ചിരുന്നു. എല്ലാ മേഖലകളെയും ഏകോപിപ്പിച്ച് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എത്രയും വേഗം സേവനങ്ങൾ സാധാരണ നിലയിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും തപാൽ വകുപ്പ് പറയുന്നു.
ട്രംപ് ഒപ്പിട്ട പുതിയ ഉത്തരവിലൂടെ യുഎസ് 800 ഡോളർ വരെ മൂല്യമുള്ള സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി നൽകിയിരുന്ന ഇളവ് പിൻവലിച്ചിരുന്നു. ഓഗസ്റ്റ് 29 മുതൽ യുഎസിലേക്ക് അയക്കുന്ന എല്ലാ സാധനങ്ങൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ തന്നെ, ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് തീരുവ പ്രകാരമുള്ള കസ്റ്റംസ് തീരുവ ബാധകമായിരിക്കും. പുതിയ തീരുവയിൽ നിന്ന് ഇളവ് 100 ഡോളർ വരെ വിലയുള്ള സമ്മാനങ്ങൾക്ക് മാത്രമാണ്.
ഇക്കാരണത്താല്‍ ഇനി മുതല്‍ അന്താരാഷ്ട്ര തപാൽ തീരുവ ശേഖരിക്കുകയും കൈമാറുകയും ചെയ്യണം. ഓഗസ്റ്റ് 15 ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) പ്രാഥമിക മാർഗനിർദേശങ്ങൾ പുറത്തിറക്കിയെങ്കിലും, അംഗീകൃത സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും തീരുവ ശേഖരിക്കുന്നതിനും കൈമാറുന്നതിനുമുള്ള സംവിധാനങ്ങളും അന്തിമമായിട്ടില്ല. അതുകൊണ്ടാണ് യുഎസിലേക്കുള്ള പോസ്റ്റൽ സർവീസുകൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നതെന്നാണ് സൂചന.

Exit mobile version