സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിച്ച ഫ്ലാറ്റുകളിൽ താമസിക്കുന്ന 1970 കുടുംബങ്ങൾക്ക് ഭൂമിയിൽ അവിഭക്ത ഓഹരി കണക്കാക്കി പട്ടയം നൽകാൻ ഉത്തരവായതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഫ്ലാറ്റ് നിവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്. ഭാര്യയുടെയും ഭർത്താവിൻ്റെയും സംയുക്തമായ പേരിലായിരിക്കും പട്ടയം അനുവദിക്കുന്നത്. ഫ്ലാറ്റ് നിൽക്കുന്ന ഭൂമിയുടെ സർവ്വേ നമ്പറും പ്ലോട്ടിൻ്റെ ആകെ വിസ്തീർണ്ണവും പട്ടയത്തിൽ രേഖപ്പെടുത്തും. ഫ്ലാറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഭൂമിയിലെ അവിഭക്ത ഓഹരി അവകാശത്തിനാണ് പട്ടയം നൽകുക. ഇതുപ്രകാരം ഭൂമി പോക്കുവരവ് ചെയ്ത് തണ്ടപ്പേരും അനുവദിക്കും.
ഭൂമിയുടെ ഉടമസ്ഥതയും കൃത്യമായ റവന്യൂ രേഖകളും ലഭ്യമാകുന്നതോടെ ഈ ഫ്ലാറ്റുകൾ ഈടുവച്ച് ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്നതിനുൾപ്പെടെ താമസക്കാർക്ക് സൗകര്യം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഫ്ലാറ്റുടമകൾക്ക് ഇതേ രീതിയിൽ കരം അടയ്ക്കാൻ അനുവാദം നൽകിക്കൊണ്ട് അടുത്തിടെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് സുനാമി പുനരധിവാസ പദ്ധതിയിലെ ഗുണഭോക്താക്കൾക്കും ഇപ്പോൾ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നത്.

