ഏഷ്യയുടെ കായികോത്സവം കൊടിയേറി. 45 രാജ്യങ്ങളില്‍ നിന്നും 12,000ത്തിലേറെ കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്ന ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ഷുവില്‍ വര്‍ണാഭമായ സമാരംഭം. ചൈനയുടെ സാംസ്കാരിക വൈവിധ്യങ്ങളും സൗന്ദര്യവും തിളങ്ങി നിന്ന ഉദ്ഘാടന ചടങ്ങ് സാങ്കേതിക വിസ്മയത്തിന്റെ വേദികൂടിയായി മാറി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിര്‍ച്വലായി ദീപ നാളം തെളിയിച്ചതോടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒളിമ്പിക്സ് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പതാക ബിഗ് ലോട്ടസ് സ്റ്റേഡിയത്തിലുയര്‍ന്നു.
പുതിയ യുഗത്തില്‍ ചൈനയെയും ഏഷ്യയെയും ലോകത്തെയും ഒരുമിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ഏഷ്യൻ ജനതയുടെ ഐക്യം, സ്നേഹം, സൗഹൃദം എന്നിവയുടെ പ്രതിബിംബമായും ഉദ്ഘാടന വേദി മാറി. ഇന്ത്യക്ക് വേണ്ടി ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിങ്ങും ബോക്സര്‍ ലവ്‍ലീന ബോര്‍ഗോഹൈനും മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തി.
എട്ടാമതായിട്ടായിരുന്നു നൂറോളം പേരടങ്ങുന്ന ഇന്ത്യൻ സംഘം മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളും പ്രതിനിധികളും ഉള്‍പ്പെടെ അരലക്ഷത്തോളം പേര്‍ കലയും കരുത്തും സാങ്കേതിക തികവും ഒത്തുചേര്‍ന്ന ഉദ്ഘാടന ചടങ്ങിന് സാക്ഷിയായി. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കായികതാരങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസാണിത്. 12417 പേരാണ് ഗെയിംസ് നഗരിയില്‍ എത്തിയിട്ടുള്ളത്.
English Summary: Turned out Art, power and technology come together for the opening ceremony
You may also like this video