Site iconSite icon Janayugom Online

ഇരുപത്തെട്ടാം ഓണമഹോത്സവം- കരകളില്‍ നന്ദികേശന്മാർ ഒരുങ്ങുന്നു

ഇരുപത്തെട്ടാം ഓണമഹോത്സവത്തോടനുബന്ധിച്ച്‌ ഓച്ചിറ പടനിലത്തു നടക്കുന്നകെട്ടുകാഴ്ച വിസ്മയത്തിനു നന്ദികേശന്മാർ ഒരുങ്ങുന്നു. 12 ശനിയാഴ്ചയാണ് ഈ വർഷത്തെ ഇരുപത്തിയെട്ടാം ഓണ മഹോത്സവം നടക്കുന്നത്. കന്നിമാസത്തിലെ തിരുവോണം നാളിലാണ് കാര്‍ഷിക പാരമ്പര്യത്തിന്‍റെ ഓര്‍മ പുതുക്കി ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലേക്ക് നന്ദികശേരൂപങ്ങളെ ഭക്തജനങ്ങള്‍ കാണിക്കയര്‍പ്പിക്കുന്നത്. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 56 കരകളില്‍നിന്നായി നൂറ്റിയമ്പതോളം നന്ദികേശസമിതികളുടെ നന്ദികേശരൂപങ്ങള്‍ പടനിലത്തേക്ക് എത്തും. 

ചട്ടം എന്നറിയപ്പെടുന്ന വാഹനത്തില്‍ ഉറപ്പിച്ച രണ്ട് നന്ദികേശ വിഗ്രഹങ്ങളാണ് സാധാരണയായി എഴുന്നള്ളിക്കുന്നത്. ചുവപ്പും വെള്ളയും നിറങ്ങളിലാണ് നന്ദികേശരൂപങ്ങള്‍. ഇതില്‍ ചുവപ്പ് പരമശിവനായും വെള്ള പാര്‍വതിയായും സങ്കല്പിച്ചാണ് ഒരുക്കുന്നത്. നാനാജതിമതസ്‌ഥര്‍ ഒരുമിച്ച്‌ ആഘോഷിക്കുന്ന ഉത്സവമാണ് ഇരുപത്തിയെട്ടാം ഓണദിനത്തിലെ കാളക്കെട്ട്‌ ഉത്സവം. 56 കരകളില്‍നിന്നും വിവിധ സന്നദ്ധ സംഘടനകള്‍, യുവജനസംഘടനകള്‍, വനിതാ സംഘടനകള്‍ തുടങ്ങിയവര്‍ അലങ്കരിച്ചുകൊണ്ടുവരുന്ന കെട്ടുകാളകളും നിശ്ചലദൃശ്യങ്ങളും പടലനിലത്തെ ഭക്‌തിസാന്ദ്രമാക്കും.

കാഴചക്കാർക്ക് വിസ്‌മയം പകരുന്ന തരത്തിൽ പടുകൂറ്റന്‍മുതല്‍ കൈപ്പത്തിയുടെ വലിപ്പംവരെയുള്ള കാളകള്‍ ഇക്കൂട്ടത്തിലുണ്ടാകും. വരവിള‑പെരുമാന്തഴ, ചങ്ങന്‍കുളങ്ങര, പായിക്കുഴി, മേമന വടക്ക്, മേമന തെക്ക്, ആലുംപീടിക, കൃഷ്ണപുരം മാമ്പ്രക്കന്നേൽ, പുതുപ്പള്ളി, തെക്ക് കൊച്ചുമുറി തുടങ്ങിയ കരകളില്‍നിന്ന് വലുപ്പമേറിയ കെട്ടുകാളകളാണ് കെട്ടുകാഴ്ച്ചയിൽ അണിനിരക്കുക. കെട്ടുകാളകളുടെ നിര്‍മാണത്തിന് ചട്ടം ഉറപ്പിക്കുന്ന ദിവസംമുതല്‍ തുടങ്ങുന്ന ആഘോഷമാണ് ഇരുപത്തെട്ടാം ഓണത്തിന് ഉച്ചസ്ഥായിയില്‍ എത്തുന്നത്. നയന മനോഹരമായ കെട്ടുകാഴ്ച ദർശിക്കാൻ പതിനായിരങ്ങൾ പല ദേശം കടന്ന് ഇവിടേക്ക് ഒഴുകിയെത്തും.

Exit mobile version