Site iconSite icon Janayugom Online

കോടികൾ വിലമതിക്കുന്ന രത്നക്കല്ലുകൾ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾ പിടിയിൽ

കോടികള്‍ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടംഗസംഘം പൊലീസ് പിടിയില്‍.ചെറുകുന്ന് തെക്കുമ്പാട്ട് എം കലേഷ്(36), ചെറുകുന്ന് ആയിരം തെങ്ങിൽ പി പി രാഹുല്‍(30) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. 2023 ജനുവരി 7 നാണ് സംഭവം നടന്നത്.

പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്‍(70)എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാ മറൈന്‍ എന്ന പേരിലുള്ള രത്നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന ബാഗാണ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്.
45 വര്‍ഷമായി കൃഷ്ണന്‍ കൈവശം വെച്ചുവരുന്ന ഈ രത്നക്കല്ല് വാങ്ങാനായി മാസങ്ങളായി ബന്ധപ്പെട്ടുവരുന്ന മയ്യില്‍ സ്വദേശി ബിജു പറഞ്ഞത് പ്രകാരം ജനുവരി 7 ന് രാവിലെ 11.10 ന് രക്തക്കല്ലടങ്ങിയ ബാഗുമായി തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് പുറകിലുള്ള പാര്‍ക്കിങ്ങ് സ്ഥലത്തിന് സമീപം എത്തിയതായിരുന്നു കൃഷ്ണന്‍.

ഈ സമയത്ത് അവിടെ ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘം ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായാണ് പരാതി .
നേരത്തെ ഒരു ജ്വല്ലറിയുടമ ഒരുകോടി രൂപ വിലവരുന്ന രത്നക്കല്ല് കൂടിയ വിലക്ക് താന്‍ വില്‍പ്പന നടത്തിത്തരമാമെന്ന് ബിജു എന്നയാള്‍ കൃഷ്ണന് വാക്കുനല്‍കിയിരുന്നുവത്രേ.

തളിപ്പറമ്പ് ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

Exit mobile version