Site iconSite icon Janayugom Online

മീൻകുട്ടയല്ല, ഇനി പുസ്തകങ്ങൾ കൂട്ട്; കണ്ടങ്കരിയിലെ കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്

ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ പഠനം വഴിമുട്ടി മീൻകുട്ടയേന്തി നിരത്തിലിറങ്ങേണ്ടി വന്ന രണ്ട് കുരുന്നുകൾക്ക് ഇനി അക്ഷരമധുരം. കണ്ടങ്കരി പുറകെത്തൈാടിയിലെ താൽക്കാലിക ടെന്റിൽ ദുരിതജീവിതം നയിച്ചിരുന്ന കർണാടക സ്വദേശികളായ അമ്മുവിനും വിഷ്ണുവിനുമാണ് സുമനസ്സുകളുടെ ഇടപെടലിലൂടെ വിദ്യാലയമുറ്റത്ത് പുതുജന്മം ലഭിച്ചത്. പഠിക്കാൻ ഏറെ ആഗ്രഹമുണ്ടായിട്ടും പ്രാരാബ്ധങ്ങൾ കാരണം മീൻ വിൽപനയ്ക്ക് പോകാൻ നിർബന്ധിതരായവരായിരുന്നു ഈ സഹോദരങ്ങൾ. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ടെന്റിൽ മഴയും വെയിലുമേറ്റായിരുന്നു ഇവരുടെ താമസം. 

ജനന സർട്ടിഫിക്കറ്റ് പോലുമില്ലാത്തതിനാൽ വിദ്യാലയ പ്രവേശനം അസാധ്യമായി തുടരുന്നതിനിടയിലാണ് അധ്യാപികയായ ആർ. രാധികയും സുഹൃത്തുക്കളും ഇവരുടെ രക്ഷകരായി എത്തിയത്. രാധിക ടീച്ചറുടെ നേതൃത്വത്തിലുള്ള നിരന്തര പരിശ്രമത്തിനൊടുവിൽ കുട്ടികൾക്ക് ആധാർ കാർഡ് ലഭ്യമാക്കുകയും സ്കൂൾ പ്രവേശനം ഉറപ്പാക്കുകയും ചെയ്തു. ഈ വിഷയത്തിൽ ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടതോടെ സഹായങ്ങൾ വേഗത്തിലായി. കളക്ടറുടെ നിർദ്ദേശപ്രകാരം ’ കെയര്‍ ഫോര്‍ ആലപ്പി സെക്രട്ടറി പ്രേംസായി ഹരിദാസ്, പൊതുപ്രവർത്തകൻ വിനോദ്, രാധിക ടീച്ചർ എന്നിവർ കുട്ടികളുടെ താമസ്ഥലത്തെത്തി. കുടുംബത്തിന് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള നടപടികൾ ഇവർ ആരംഭിച്ചു കഴിഞ്ഞു.

അക്ഷരമുറ്റത്തെത്തിയ കുട്ടികൾക്ക് ഇനി വേണ്ടത് സുരക്ഷിതമായ ഒരു വീടാണ്. നിലവിൽ താമസിക്കുന്ന ടെന്റ് സുരക്ഷിതമല്ലാത്തതിനാൽ വീട് നിർമ്മിക്കാൻ ആവശ്യമായ മൂന്ന് സെന്റ് ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഈ സ്വപ്നത്തിലേക്ക് കുടുംബത്തെ കൈപിടിച്ചുയർത്താൻ ‘പുണ്യം ഗ്രൂപ്പ്’ മുന്നിട്ട് വന്നിട്ടുണ്ട്. മത്സ്യഗന്ധമുള്ള വീഥികളിൽ നിന്നും അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന അമ്മുവിനും വിഷ്ണുവിനും നാടിന്റെ എല്ലാവിധ പിന്തുണയുമുണ്ട്. പ്രതിസന്ധികളോട് പൊരുതി ജയിക്കുന്ന ഈ കുരുന്നുകൾ അതിജീവനത്തിന്റെ പുതുമാതൃകയാവുകയാണ്.

Exit mobile version