കോട്ടയത്ത് പനച്ചിക്കാടിന് സമീപം കൊല്ലാട് പാറയ്ക്കൽ കടവിൽ മീൻ പിടിക്കുന്നതിനിടെ വള്ളംമുങ്ങി രണ്ടുപേർ മരിച്ചു. കൊല്ലാട് പാറയ്ക്കൽക്കടവ് പാറത്താഴെ ജോബി വി ജെ(36), പോളച്ചിറയിൽ അരുൺ സാം(37) എന്നിവരാണ് മരിച്ചത്. മീൻപിടിയ്ക്കാൻ പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തിൽ പെട്ടത്. മരിച്ച ജോബിയുടെ സഹോദരനാണ് രക്ഷപ്പെട്ട ജോഷി.
ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ചൂണ്ടയിട്ട് പാടശേഖരത്തിൽ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി വള്ളം മുങ്ങുകയായിരുന്നു. നീന്തൽ അറിയാവുന്ന ജോഷി നീന്തൽ അറിയാത്ത ജോബിയെയും അരുണിനെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

