Site iconSite icon Janayugom Online

മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം രണ്ട് കുടിയേറ്റ തൊഴിലാളികൾ വെടിയേറ്റ് മരിച്ചു

മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ബിഹാറിൽ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികൾ വെടിയേറ്റ് മരിച്ചു. അജ്ഞാതനായ തോക്കുധാരിയുടെ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സുനലാൽ കുമാർ (18), ദശരത് കുമാർ (17) എന്നിവർ കാക്‌ചിങ് ജില്ലയിലെ കെയ്‌റാക്കിൽ വച്ചാണ് വെടിയേറ്റ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ രാജ്വാഹി ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. മണിപ്പൂരിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത്തരത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടാവുന്ന രണ്ടാമത്തെ അക്രമ സംഭവമാണ് ഇത്. ഈ വർഷം മേയിൽ ഝാര്‍ഖണ്ഡ് സ്വദേശിയും കൊല്ലപ്പെട്ടിരുന്നു. 

കെയ്‌റോ ഖുനൂ മേഖലയിൽ നടത്തിയ തിരച്ചിലിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു നിരോധിത സംഘടനയിലെ അംഗം കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള നിരോധിത സംഘടനയായ പിആർഇപികെ എന്ന ഗ്രൂപ്പിലെ സായുധരായ ഏഴംഗസംഘം പൊലീസ് കമാൻഡോകളുടെ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടത്. 

സംഭവ സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് ഇൻസാസ് റൈഫിളുകൾ, ഒരു അമോഗ് റൈഫിൾ, ഒരു 303 റൈഫിൾ, ഒരു എസ്എൽആർ റൈഫിൾ, 135 തരം ബുള്ളറ്റുകൾ, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. മണിപ്പൂരിൽ സംഘർഷം ഉണ്ടായ ആദ്യ സമയത്ത് പൊലീസ് ആയുധ ശേഖരത്തിൽ നിന്ന് മോഷ്‌ടിച്ചവയാണ് ഇവയെന്ന് സംശയിക്കുന്നു.
കഴിഞ്ഞ വർഷം മേയിൽ ആരംഭിച്ച സംഘർഷത്തില്‍ മുന്നൂറോളം ജീവനുകള്‍ നഷ്‌ടമായി. 60,000 പേർ പലായനം ചെയ്തു. കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ ക്രൂരമായ അക്രമണത്തിന് ഇരയാവുന്ന സംഭവങ്ങളും ഇവിടെയുണ്ടായി. 

Exit mobile version