സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ക്ക് കുടിശികയായ രണ്ട് മാസത്തെ ഓണറേറിയം ഇന്ന് മുതല്‍ വിതരണം ചെയ്യും. ഇതിനായി ധനകാര്യ വകുപ്പ് 52,85,35,000 രൂപയാണ് അനുവദിച്ചത്. ഇന്ന് മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക എത്തും.
സംസ്ഥാന സർക്കാർ മാത്രം മാസം തോറും 7000 രൂപയാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നൽകുന്നത്. 2016ന് മുമ്പ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ മാത്രം ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഓണറേറിയം 7,000 രൂപ വരെ വർധിപ്പിച്ചത്. ഏറ്റവും അവസാനമായി 2023 ഡിസംബറിൽ ഈ സർക്കാരിന്റെ കാലത്ത് 1,000 രൂപ വർധിപ്പിച്ചിരുന്നു. ഈ 7,000 രൂപ കൂടാതെ 60:40 എന്ന രീതിയിൽ കേന്ദ്രവും സംസ്ഥാനവും ചേർന്ന് 3000 രൂപ പ്രതിമാസ നിശ്ചിത ഇൻസെന്റീവും നൽകുന്നുണ്ട്. ഇതുകൂടാതെ ഓരോ ആശാ പ്രവർത്തകയും ചെയ്യുന്ന സേവനങ്ങൾക്കനുസരിച്ച് വിവിധ സ്കീമുകളിലൂടെ 3,000 രൂപ വരെ മറ്റ് ഇൻസെന്റീവുകളും ലഭിക്കും. കൂടാതെ പ്രതിമാസം 200 രൂപ ടെലിഫോൺ അലവൻസും നൽകി വരുന്നുണ്ട്.
2023–24 സാമ്പത്തിക വർഷത്തിൽ ആശമാർക്കുള്ള കേന്ദ്ര വിഹിതം ലഭിക്കാതെയിരുന്നിട്ട് കൂടി എല്ലാ മാസവും കൃത്യമായി ആശമാരുടെ ഇൻസെന്റീവുകൾ സംസ്ഥാന വിഹിതം ഉപയോഗിച്ച് വിതരണം ചെയ്തിരുന്നു.
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കാനായി ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ ഓണറേറിയം

