Site iconSite icon Janayugom Online

കൊച്ചി വാട്ടർ മെട്രോയ്ക്ക് പുതിയ രണ്ട് ടെർമിനലുകൾ; 11 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി വാട്ടർ മെട്രോയുടെ ശൃംഖല വികസിപ്പിച്ചുകൊണ്ട് രണ്ട് പുതിയ ടെർമിനലുകൾ കൂടി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. മട്ടാഞ്ചേരി, വില്ലിംഗ്ഡൺ ഐലന്റ് ടെർമിനലുകൾ ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടെ വാട്ടർ മെട്രോ ടെർമിനലുകളുടെ എണ്ണം 12 ആയി ഉയരും. 38 കോടി രൂപ ചെലവിലാണ് രണ്ട് ടെർമിനലുകളുടെയും നിർമ്മാണം പൂർത്തിയാക്കിയത്. മട്ടാഞ്ചേരി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. കൊച്ചി മേയർ അഡ്വ. എം അനില്‍കുമാര്‍, ഹൈബി ഈഡൻ എംപി, എം എൽ എ മാരായ കെ ജെ മാക്സി, ടി ജെ വിനോദ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ റ്റി പത്മകുമാരി, കെ എ ആൻസിയ തുടങ്ങിയവർ സംസാരിക്കും.

8000 ചതുരശ്രയടി വിസ്തീർണ്ണമുള്ള മട്ടാഞ്ചേരി ടെർമിനൽ പൈതൃകമുറങ്ങുന്ന ഡച്ച് പാലസിന് തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. 3000 ചതുരശ്രയടി വിസ്തീർണ്ണമുള്ള വില്ലിംഗ്ഡൺ ഐലന്റ് ടെർമിനൽ പഴയ ഫെറി ടെർമിനലിന് അടുത്താണ് നിർമ്മിച്ചിരിക്കുന്നത്. പൈതൃക സമ്പത്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി രണ്ട് ടെർമിനലുകളും പൂർണമായും വെള്ളത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിർത്തി, മട്ടാഞ്ചേരിയിലെയും വില്ലിംഗ്ഡൺ ഐലൻഡിൻ്റെയും ചരിത്ര പൈതൃകത്തിന് ചേർന്ന നിർമ്മാണ ശൈലിയാണ് അവലംബിച്ചിരിക്കുന്നത്. 

Exit mobile version