തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടക്കൽ നഗരസഭയിൽ ഒറ്റക്ക് മത്സരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. മുസ്ലീംലീഗുമായുള്ള സഖ്യത്തില്‍ വിശ്വാസമില്ലെന്ന നിലപാടിലാണ് നീക്കം. കോൺഗ്രസിന് അനുവദിച്ച സീറ്റിൽ ലീഗ് വിമതൻ പ്രചരണം ആരംഭിച്ചതാണ് ഇരു കക്ഷികളും തമ്മിലെ പിണക്കത്തിന് പ്രധാന കാരണം. വിമത നീക്കത്തിൽ നടപടിയെടുക്കേണ്ട മുസ്ലീംലീഗ് മൗനം പാലിക്കുകയാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ പരാതി. ലീഗിൻ്റെ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്ന കോട്ടക്കൽ നഗരസഭയിൽ നിലവിൽ കോൺഗ്രസിന് അംഗങ്ങൾ ഇല്ല. 32 വാർഡുള്ള നഗരസഭയിൽ വാർഡ് പുനഃക്രമീകരണത്തിൽ മൂന്ന് വാർഡുകൾ വർധിച്ചിരുന്നു.
ഇതിൽ ഗാന്ധിനഗർ വാർഡ് ഉൾപ്പെടെ ഒൻപത് വാർഡുകൾ കോൺഗ്രസിന് നൽകാനായിരുന്നു യുഡിഎഫ് ധാരണ. എന്നാൽ ഈ വാർഡിൽ ലീഗ് പ്രതിനിധി സ്ഥാനാർത്ഥിയായി പ്രചരണം തുടങ്ങിയതോടെയാണ് കോൺഗ്രസ് പ്രകോപിതരായത്. വിമതനെതിരെ നടപടിയെടുക്കുമെന്ന് ലീഗ് പറയുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ലീഗിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി സേതുമാധവൻ പറയുന്നു. “2020ലും കോൺഗ്രസിനെ തോൽപ്പിക്കാൻ ലീഗ് വിമതർ ഉണ്ടായിരുന്നു. അന്ന് വിമതർക്കെതിരെ നടപടി എടുത്ത ലീഗ്, ഫലം വന്ന് 15 ദിവസം കഴിഞ്ഞപ്പോൾ പുറത്താക്കിയവരെ തിരിച്ചെടുത്തു. ഇത് എന്ത് നടപടിയാണ്?”—എന്നും അദ്ദേഹം ചോദിച്ചു.

