Site iconSite icon Janayugom Online

യുഡിഎഫും ബിജെപിയും രണ്ടല്ല: ബിനോയ് വിശ്വം

യുഡിഎഫും ബിജെപിയും രണ്ടല്ലെന്നും അവർ ഒന്നാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 1991ലെ വടകര — ബേപ്പൂർ മോഡൽ ഇപ്പോഴും തുടരുകയാണ്.
അന്ന് വടകര ലോക്‌സഭാ മണ്ഡലത്തിലും ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് മറയില്ലാതെയായിരുന്നു. അക്കാലത്തെ ബിജെപി പ്രസിഡന്റ് ആയിരുന്നു കെ ജി മാരാരുടെ ആത്മകഥയിൽ ഇതു സംബന്ധിച്ച് പറയുന്നത്, 40 മണ്ഡലങ്ങളിൽ കോൺഗ്രസ് — ബിജെപി സഖ്യം വോട്ട് പങ്കുവയ്ക്കാൻ തീരുമാനിച്ചുവെന്നും ബിജെപി വാക്ക് പാലിച്ചപ്പോൾ കോൺഗ്രസ് പാലം വലിച്ചുവെന്നുമാണ്. ഇതാണ് യാഥാർത്ഥ്യം.
ഈ പിന്തിരിപ്പൻ കൂട്ടുകെട്ടിനെ എതിർക്കാൻ എൽഡിഎഫ് വലിയ ആത്മവിശ്വാസത്തോടെ സജ്ജരാണ്. കഴിഞ്ഞ തവണത്തെക്കാൾ വമ്പിച്ച വിജയം തെര‍ഞ്ഞെടുപ്പിലുണ്ടാകും. അതിന് കാരണം എൽഡിഎഫിന്റെ രാഷ്ട്രീയവും സംസ്ഥാനത്തെ സർവ മേഖലകളിലുമുള്ള മുന്നേറ്റവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ പ്രസ്ക്ലബിന്റെ ‘വോട്ട് വൈബ്’ മുഖാമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
കേരളത്തിലെ കോൺഗ്രസിന് ഗാന്ധിയെയും നെഹ്രുവിനെയും അറിയില്ല. അവരുടെ ഇപ്പോഴത്തെ മുഖം രാഹുൽ മാങ്കുട്ടത്തിൽ ആണ്. ഈ മാഫിയ സംസ്കാരമാണ് കോൺഗ്രസിന്റെ ഉന്നത സമിതിയിലുള്ള രമേഷ് ചെന്നിത്തലയുടെ പോലും വായടപ്പിച്ചത്. അദ്ദേഹത്തെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ അനുവദിക്കാതെ കൂക്കി വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു രാഹുലിന്റെ പാലക്കാട്ടെ സംഘാംഗങ്ങൾ. സ്ത്രീത്വത്തെ അപമാനിക്കുന്ന ഗുണ്ട മാഫിയകളാണ് ഇപ്പോൾ കോൺഗ്രസിലുള്ളത്.
കേരളത്തിൽ പിഎംശ്രിയോ എൻഇപിയോ ഉണ്ടാകില്ല. അത് എൽഡിഎഫ് ഒന്നിച്ചെടുത്ത തീരുമാനമാണ്. ശബരിമലയിൽ ആര് ക്രമക്കേട് കാണിച്ചാലും കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ സംബന്ധിച്ചു. 

Exit mobile version