Site iconSite icon Janayugom Online

യുഡിഎഫ് ബാങ്ക് കുടിയൊഴിപ്പിച്ച പ്രഭാകുമാരിക്ക് 2.16 ലക്ഷം നല്‍കി

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അര്‍ബൻ ബാങ്ക് ഭരണസമിതി ജപ്തിചെയ്ത് കുടിയിറക്കിയ നിര്‍ധന കുടുംബത്തിന് മന്ത്രി ജി ആര്‍ അനിലിന്റെ ഇടപെടലിലൂടെ ആശ്വാസം. ഗ്രീൻ മര്‍ച്ചന്റ്സ് അസോസിയേഷൻ നല്‍കിയ 2.16 ലക്ഷം രൂപയുടെ ചെക്ക്, സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ അസോസിയേഷൻ പ്രസിഡന്റ് പോൾരാജ് വെമ്പായം കുടുംബത്തിന് കൈമാറി. 

ഡിസംബര്‍ 27നാണ് വെമ്പായം തേക്കട ഇടവിളാകം ലക്ഷ്മി വിലാസത്തിൽ യശോദ (85), മകൾ പ്രഭാകുമാരി, മരുമകൻ സജിമോൻ, ചെറുമകൻ സേതു (19) എന്നിവരെ ജപ്തിയുടെ പേരില്‍ നാല് സെന്റിലുള്ള വീട്ടില്‍ നിന്ന് ബാങ്കധികൃതർ ഇറക്കിവിട്ടത്. കെട്ടിടത്തിൽ നിന്ന് വീണ് ഇരുകാലുകളും ഒടിഞ്ഞ് ചികിത്സയിലുള്ള സജിമോനെ ബാങ്കിന്റെ ഔദ്യോഗിക വാഹനത്തിൽ ബ്രാഞ്ച് ഓഫിസിലേക്കു മാറ്റുകയും പിഴപ്പലിശ ഒടുക്കാനെന്ന പേരിൽ യശോദയെയും പ്രഭാകുമാരിയെയും ഹെഡ് ഓഫിസിലേക്ക് വിളിപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു ബാങ്ക് അധികൃതര്‍ വീട് സീൽ ചെയ്തത്.
2016ൽ വീട് നവീകരിക്കാനാണ് നെടുമങ്ങാട് സഹകരണ അർബൻ ബാങ്കിൽ നിന്ന് ഇവർ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. 2020ൽ വായ്പ പുതുക്കി. തുടര്‍ന്ന് 2.50 ലക്ഷം തിരിച്ചടയ്ക്കാൻ ബാങ്ക് ആവശ്യപ്പെടുകയായിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് വീട് ജപ്തി ചെയ്തത്. സംഭവമറിഞ്ഞെത്തിയ മന്ത്രി ജി ആര്‍ അനില്‍ പ്രഭാകുമാരിക്ക് പൂര്‍ണസഹായവും പിന്തുണയും അറിയിച്ചു. വിഷയം ശ്രദ്ധയില്‍പെട്ട ഗ്രീൻ മർച്ചന്റ് അസോസിയേഷൻ സഹായിക്കാനുള്ള സന്നദ്ധത മന്ത്രിയെ അറിയിക്കുകയായിരുന്നു. 

ജപ്തി നടപടികളുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ കുടുംബങ്ങളെ തെരുവിലിറക്കുന്ന സമീപനം സ്വീകരിക്കരുതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. മാനുഷിക നിലപാട് സ്വീകരിച്ച് അർഹമായ സാവകാശം ഉപഭോക്താക്കൾക്ക് നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സഹായത്തിനായി മുൻകൈയെടുത്ത മന്ത്രിക്കും പൊതുപ്രവർത്തകർക്കും പ്രഭാകുമാരി നന്ദി അറിയിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ലോക്കല്‍ സെക്രട്ടറി കൊഞ്ചിറ മുരളീധരൻ, സിപിഐ(എം) ഏരിയാ സെക്രട്ടറി കെ പി പ്രമോഷ്, ലോക്കല്‍ സെക്രട്ടറി എ നൗഷാദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Exit mobile version