Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; ജില്ലാ പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പം

രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് എല്‍ഡിഎഫും ഏഴിടത്ത് യുഡിഎഫും വിജയിച്ചു. ആറ് കോര്‍പറേഷനുകളില്‍ നാലിടത്ത് യുഡിഎഫ് വിജയം നേടി. തിരുവനന്തപുരം കോര്‍പറേഷന്‍ എന്‍ഡിഎ വിജയിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ബിജെപിക്ക് ആകെ ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ് മാത്രമെ നേടാനായുള്ളൂ. 87 നഗരസഭകളില്‍ 54ല്‍ യുഡിഎഫാണ് ജയിച്ചത്. എല്‍ഡിഎഫ് 28 നഗരസഭകള്‍ നേടിയപ്പോള്‍ ബിജെപിക്ക് രണ്ട് നഗരസഭകളാണ് വിജയിക്കാനായത്. അവരുടെ കയ്യിലുണ്ടായിരുന്ന പന്തളം നഗരസഭ എല്‍ഡിഎഫ് പിടിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 63 എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് 79 നേടി. പത്തിടത്ത് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

ഗ്രാമപഞ്ചായത്തുകളില്‍ 509ല്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് 340. എന്‍ഡിഎ 26 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം നേടി. 64 ഗ്രാമപഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 17,337 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 8021 എണ്ണം യുഡിഎഫും 6568 വാര്‍ഡുകള്‍ എല്‍ഡിഎഫും വിജയിച്ചു. എന്‍ഡിഎ 1447, മറ്റുള്ളവര്‍ 1299. 2267 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ 1241 എണ്ണം യുഡിഎഫും 923 എണ്ണം എല്‍ഡിഎഫും വിജയിച്ചപ്പോള്‍ 54 ഇടത്ത് എന്‍ഡിഎ, 49 മറ്റുള്ളവര്‍ എന്നിങ്ങനെയാണ് നില. 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകളില്‍ 196 യുഡിഎഫും 148 എല്‍ഡിഎഫും വിജയിച്ചു.

നഗരസഭകളിലെ 3,240 വാര്‍ഡുകളില്‍ 1100 എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 1458 എണ്ണം യുഡിഎഫ് നേടി. 324 വാര്‍ഡുകള്‍ എന്‍ഡിഎയും 323 വാര്‍ഡുകള്‍ മറ്റുള്ളവരും വിജയിച്ചു. ആറ് കോര്‍പറേഷനുകളിലെ 421 വാര്‍ഡുകളില്‍ 187 സീറ്റുകള്‍ യുഡിഎഫ് വിജയിച്ചു. 125 എണ്ണം എല്‍ഡിഎഫ് നേടി. എന്‍ഡിഎ 93 സീറ്റുകളില്‍ വിജയിച്ചു. മറ്റുള്ളവര്‍ 15 സീറ്റുകളില്‍ വിജയം നേടി.
മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലായി ഡിസംബര്‍ ഒമ്പത്, 11 തീയതികളിലാണ് വോട്ടെടുപ്പ് നടന്നത്. 73.69 ശതമാനമായിരുന്നു പോളിങ്. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാര്‍ഡിലും മലപ്പുറം ജില്ലയിലെ എടക്കര മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

Exit mobile version