കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനകളില്‍ യുഡിഎഫ് ആടിയുലയുന്നു. ഹിന്ദു വര്‍ഗീയതയുമായി നെഹ്രുപോലും സന്ധി ചെയ്തിട്ടുണ്ടെന്ന വിശദീകരണം കൂടിയായപ്പോള്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയകക്ഷികളെല്ലാം സുധാകരനെതിരായ പ്രതിഷേധം കടുപ്പിച്ചു. സുധാകരന് ആര്‍എസ്എസ് മനസാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ഇന്നലെ സര്‍ട്ടിഫിക്കറ്റു കൂടി നല്കിയതോടെ പ്രതിപക്ഷ രാഷ്ട്രീയം കുഴഞ്ഞുമറിയുന്നു.
ഒരു ചാനലിന്റെ ന്യൂസ്‌മേക്കര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സുധാകരന്‍ നടത്തിയ മറുപടി പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സംഭവശ്രേണികള്‍ക്കു തിരികൊളുത്തിയത്. തന്റെ നിലപാട് സാധൂകരിക്കാന്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കും വിധവുമായി.
ആര്‍എസ്എസ് ശാഖകളെ സിപിഎം ആക്രമിക്കാനൊരുങ്ങിയപ്പോള്‍ താന്‍ ആളെവിട്ട് ആര്‍എസ്എസിനു സംരക്ഷണം നല്കിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വീമ്പിളക്കല്‍. സുധാകരന്‍ തങ്ങളുടെ ശാഖകളുടെ സംരക്ഷകനായിരുന്നുവെന്ന അവകാശവാദത്തെ കെ സുരേന്ദ്രന്‍ കയ്യോടെ പുച്ഛിച്ചുതള്ളിയെങ്കിലും ഇതേച്ചൊല്ലി യുഡിഎഫിനുള്ളിലെ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ സുധാകരന് ആര്‍എസ്എസ് മനസാണെന്ന് സുരേന്ദ്രന്‍ വാഴ്ത്തിയതും ശ്രദ്ധേയം.
തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് നെഹ്രുവില്‍പോലും ഫാസിസ്റ്റ് ബന്ധം ആരോപിച്ചതും ചരിത്രത്തിന്റെ അപനിര്‍മ്മിതിയായതിനാല്‍ കോണ്‍ഗ്രസിനുള്ളിലും സുധാകരന്‍ വിരുദ്ധ പോര് കൊടുമ്പിരികൊള്ളുന്നു. സുധാകരന്റെ ജല്പനങ്ങള്‍ക്കെതിരെ ആദ്യം തുറന്നടിച്ചത് മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവായ ഡോ. എം കെ മുനീറായിരുന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം സലാമാകട്ടെ സുധാകരനെ പുറത്താക്കുകയാണ് വേണ്ടതെന്ന് തെളിച്ചുപറയുകയും ചെയ്തു. പ്രതിപക്ഷനേതാവ് വി ഡി സതീശനും മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഗുരുതരമായ രാഷ്ട്രീയ വീഴ്ചയാണ് സുധാകരന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വെെകിയാണെങ്കിലും ഇന്നലെ പറഞ്ഞത് കോണ്‍ഗ്രസിലെ സുധാകരവിരുദ്ധന്‍ ഒന്നിക്കുന്നുവെന്നതിന്റെ സൂചനയായി.
സുധാകരന്റെ നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിന്റെ അടിയന്തരയോഗം ചേരണമെന്ന് ലീഗ് കത്ത് നല്കിയതായി മുനീറും സലാമും ഇന്നലെ വെളിപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സതീശനും അറിയിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തില്‍ 17ന് യുഡിഎഫ് ഉന്നതാധികാരസമിതിയോഗം ചേരും. ചേരുന്നതിനു മുമ്പ് പൊതുയോഗം വിളിച്ചുകൂട്ടി പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെടുന്ന ഖാര്‍ഗെയുടെ കത്ത് ഇന്നലെ സുധാകരന് ലഭിച്ചതായും ഇന്ദിരാഭവന്‍ വൃത്തങ്ങളില്‍ നിന്നറിവായി.
വാക്കുപിഴയായാലും മാപ്പായാലും കാര്യങ്ങള്‍ അത്രവേഗം ഒതുങ്ങിത്തീരില്ലെന്നാണ് യുഡിഎഫ് വൃത്തങ്ങളുടെ പക്ഷം. സുധാകരന്റെ മനസില്‍ ആര്‍എസ്എസ് കെട്ടടങ്ങാതെ കിടക്കുന്നതു തന്നെ കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
English Summary: UDF reeling under Sudhakaran’s saffron ties
You may also like this video