Site iconSite icon Janayugom Online

അനിയന്ത്രിത തിരക്ക്; 15 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന നിർത്തി ഇന്ത്യൻ റെയിൽവേ

വരാനിരിക്കുന്ന ദീപാവലി, ഛത് പൂജ ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ 15 പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചു. തിരക്കേറിയ ഈ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുഗമമായ സഞ്ചാരവും സുരക്ഷയും ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പനയ്ക്കുള്ള ഈ നിയന്ത്രണം 2025 ഒക്ടോബർ 28 വരെ തുടരും. റെയിൽവേ ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച്, മുതിർന്ന പൗരന്മാർ, രോഗികൾ, കുട്ടികൾ, സഹായം ആവശ്യമുള്ള വനിതാ യാത്രക്കാർ എന്നിവർക്ക് പ്രത്യേകമായി പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ അനുവദിക്കും.

മുംബൈ മേഖലയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, ലോകമാന്യ തിലക് ടെർമിനസ്, താനെ, കല്യാൺ, പൻവേൽ, സ്റ്റേഷനുകളിലും ഡൽഹി, ഉത്തരേന്ത്യൻ മേഖലയിലെ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ, ഡൽഹി റെയിൽവേ സ്റ്റേഷൻ, ഹസ്രത്ത് നിസാമുദ്ദീൻ, ആനന്ദ് വിഹാർ ടെർമിനൽ, ഗാസിയാബാദ് സ്റ്റേഷനുകളിലും കൂടാതെ ബാന്ദ്ര ടെർമിനസ്, വാപി, സൂറത്ത്, ഉധ്ന സ്റ്റേഷനുകളിലുമാണ് നിയന്ത്രണം. സുരക്ഷിതവും തടസ്സരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി, യാത്രക്കാർ അവരുടെ യാത്രാ പദ്ധതികൾ അതിനനുസരിച്ച് ക്രമീകരിക്കണമെന്നും റെയിൽവേ അധികൃതരുമായി സഹകരിക്കണമെന്നും ദേശീയ ട്രാൻസ്‌പോർട്ടർ അഭ്യർത്ഥിച്ചു. അതേസമയം, തിരക്ക് നിയന്ത്രിക്കുന്നതിനായി നോർത്തേൺ റെയിൽവേ സോൺ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായ ഒരു ഹോൾഡിംഗ് ഏരിയയുടെ നിർമ്മാണം കഴിഞ്ഞ ആഴ്ച പൂർത്തിയാക്കി. അജ്മേരി ഗേറ്റിനോട് ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം ഏകദേശം 7,000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് ഈ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Exit mobile version