Site iconSite icon Janayugom Online

ചര്‍ച്ചയ്ക്ക് ധൈര്യമില്ലാതെ യുഡിഎഫ് സഭയില്‍ ഒളിച്ചോടി; അടിയന്തരപ്രമേയത്തിനുള്ള അവസരം ഉപയോഗിച്ചില്ല

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ക്ക് ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം ചര്‍ച്ചയാവുമെന്ന് ഭയന്ന് നിയമസഭ നടപടികള്‍ ആസൂത്രിതമായി അലങ്കോലപ്പെടുത്തി യുഡിഎഫ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാവുന്നത് ഒഴിവാക്കാന്‍ സഭയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു പ്രതിപക്ഷം. സഭ ചേര്‍ന്നയുടന്‍, അന്തരിച്ച മുന്‍ എംഎല്‍എമാര്‍ക്കുള്ള ചരമോപചാരം അവതരിപ്പിച്ച് സ്പീക്കര്‍ സംസാരിച്ച് തുടങ്ങുന്നതിനിടയില്‍ പ്രതിപക്ഷ നേതാവ് തടസവാദവുമായി എഴുന്നേറ്റു. ചരമോപചാരം അര്‍പ്പിച്ച് കഴിഞ്ഞയുടന്‍, മുന്‍കൂട്ടി തയ്യാറാക്കിയ ബാനറും പ്ലക്കാര്‍ഡുമുയര്‍ത്തി പ്രതിപക്ഷ നേതാവും സംഘവും സഭാനടപടികള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു. 

റൂള്‍ 50 പ്രകാരം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുവാനുള്ള അവസരമുണ്ടായിട്ടും അത് വിനിയോഗിക്കാതെയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കി സഭയുടെ നടുത്തളത്തിറങ്ങിയത്. ഡയസിനടുത്ത് നിലയുറപ്പിച്ച പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ മുഖം മറച്ചുകൊണ്ട് ബാനറുയര്‍ത്തുകയും ബഹളം വയ്ക്കുകയും ചെയ്തു. “സ്വര്‍ണം കട്ടത് ആരപ്പ” എന്ന യുഡിഎഫ് അംഗങ്ങളുടെ പാരഡി ഗാനത്തെ “കോണ്‍ഗ്രസാണേ അയ്യപ്പ” എന്ന് പാടി ഭരണപക്ഷം നേരിട്ടു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര നീക്കത്തിനെതിരായുള്ള ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുന്ന മന്ത്രി എം ബി രാജേഷിനെ തടസപ്പെടുത്താനും പ്രതിപക്ഷം മുതിര്‍ന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങളോടുള്ള കോണ്‍ഗ്രസ് അവഗണനയുടെ നേര്‍ച്ചിത്രമായി ഈ രംഗം മാറി. വിഷയം സഭയില്‍ അവതരിപ്പിച്ച് കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. പ്രതിപക്ഷ ബഹളത്തിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭപിരിഞ്ഞു. ഇനി 28നാണ് നിയമസഭ ചേരുക.

Exit mobile version