Site iconSite icon Janayugom Online

അടിയൊഴുക്ക് ശക്തം: അടിമാലിയിൽ
ഇടത് മുന്നേറ്റം

അടിമാലി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ അടിയൊഴുക്കുകൾ അനുകൂലമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ബഹുദൂരം മുന്നിൽ. എൽഡിഎഫിന്റെ അഡ്വ. എം എം മാത്യു, യുഡിഎഫിന്റെ ടി എസ് സിദ്ദിഖ്, സ്വതന്ത്ര സ്ഥാനാർത്ഥി ഇൻഫന്റ് തോമസ്, എൻഡിഎയുടെ സന്തോഷ് തോപ്പിൽ എന്നിവരാണ് മത്സര രംഗത്തുള്ളത്. അടിമാലി ഡിവിഷൻ ഇത്തവണ ജില്ലയിലെ ശ്രദ്ധേയമായ മത്സരം നടക്കുന്ന അങ്കത്തട്ടാകുകയാണ്. യുഡിഎഫ് വെല്ലുവിളികളിലൂടെയാണ് നീങ്ങുന്നത്. പാളയത്തിലും പുറത്തും പ്രതിസന്ധികൾ അനുദിനം വർധിക്കുന്നു. തുടക്കത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ കാര്യങ്ങൾ കൈവിട്ടു പോയി. കെ സി വേണുഗോപാലിന്റെ നോമിനിയായ അനിൽ തറനിലത്തിനെതിരെ പടയൊരുക്കം ശക്തമാക്കിയ പ്രാദേശിക നേതാക്കൾ കളംവിട്ടു ചാടിയതോടെ ഗ്രൂപ്പ് സമവാക്യങ്ങൾ അലങ്കോലപ്പെട്ടു. അതിന് വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. അതിന്റെ അസ്വസ്ഥതകൾ പ്രകടമാണ്. യു ഡി എഫ് ക്യാമ്പിൽ ആത്മവിശ്വാസം അടിക്കടി കുറഞ്ഞു തുടങ്ങി. ഡിസിസി അംഗവും, മുൻ ജില്ല, ബ്ലോക്ക് പഞ്ചായത്തംഗവും ആയിരുന്ന ഇൻഫന്റ് തോമസ് കോൺഗ്രസ്സ് വിട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇവിടെ മത്സരിക്കുന്നത് യുഡിഎഫിന് പ്രതിസന്ധി ഉണ്ടാക്കുകയാണ്. വ്യക്തിപരമായി ഇൻഫന്റ് പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല. ഇൻഫന്റ് പ്രചാരണ രംഗത്ത് സജീവമായതോടെ യുഡിഎഫിനുള്ളിൽ വിള്ളൽ വീണതായാണ് സൂചന. 

സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായിട്ടുള്ള മുറുമുറുപ്പ് മറനീക്കിത്തുടങ്ങി. ഇൻഫന്റ് പിടിക്കുന്ന ഓരോ വോട്ടും യുഡിഎഫിന് ഇരട്ട പ്രഹരമാകും. എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെ എസിന്റെ ജില്ല ജനറൽ സെക്രട്ടറിയായ സന്തോഷ് തോപ്പിലാണ് മത്സരിക്കുന്നത്. ഇദ്ദേഹം എസ്എൻഡിപി യൂത്ത് മൂവ്മെന്റ് സജീവ പ്രവർത്തകൻ കൂടിയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫ് നേതൃത്വം എസ്എൻഡിപിയെ തഴഞ്ഞതായി വ്യാപക ആക്ഷേപം നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫിലെ ഈഴവ വോട്ടുകൾ സന്തോഷ് പിടിക്കുമെന്ന സാഹചര്യവും നിലവിൽ ചർച്ചാ വിഷയമാണ്. യു ഡി എഫ് വോട്ടുകൾ ചിന്നിച്ചിതറുന്നതോടെ എൽ ഡി എഫിന്റെ വിജയം അനായാസമാകുമെന്നതാണ് സൂചനകൾ. 

Exit mobile version