Site iconSite icon Janayugom Online

പുതുപ്പള്ളിയുടെ മുഖമുദ്രയായി വികസനമെത്താത്ത പാലങ്ങള്‍

palampalam

എതിരെയൊരു വാഹനം വന്നാല്‍ കുരുക്കിലാവുന്ന പാലങ്ങള്‍. പുതുപ്പള്ളി മണ്ഡലത്തിന്റെ മുഖമുദ്ര തന്നെ ഇതാണ്. ഒരു പാലത്തിന്റെ കാര്യമല്ല, പുതുപ്പള്ളി മണ്ഡലത്തിലെ ഒട്ടുമിക്ക പാലങ്ങളും ഇങ്ങനെ തന്നെ. പള്ളിക്ക് മുന്നിലെ പാലവും, തൃക്കോതമംഗലം പാലവും, മാലം പാലവും, ചുവന്നപ്ലാവ് പാലവും അടക്കം എല്ലാം ഇങ്ങനൊക്കെ തന്നെ. പുതുപ്പള്ളിയിലെ വികസനം ഒരുവട്ടം നേരില്‍ക്കണ്ട ഏതൊരാളും ഇനി വോട്ട് ഇടതിനെന്ന് ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

അഞ്ച് പതിറ്റാണ്ടായി ഒരാള്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടും പുതുപ്പള്ളിയില്‍ വികസനം തിരിഞ്ഞ് നോക്കിയിട്ടില്ല. ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ മണ്ഡലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്നതും ഈ വികസന മുരടിപ്പ് തന്നെ.പുതുപ്പള്ളിയിലെ വികസന മുരടിപ്പിന്റെ പ്രതീകമായി മാറുകയാണ് മണര്‍കാട് മാലം പാലം. കോട്ടയം പാലാ റൂട്ടില്‍ നിരവധി അനവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന മാലം പാലത്തിന് മതിയായ വീതിയില്ലാത്തത് മൂലം യാത്രക്കാർ ബുദ്ധിമുട്ട് നേരിടുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ബസുകള്‍ ഉള്‍പ്പടെ അനേകം വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ പാലത്തിന് മതിയായ വീതിയില്ല എന്ന ആക്ഷേപം ഉയരുന്നതോടൊപ്പം പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്കകളും ജനങ്ങള്‍ പ്രകടിപ്പിക്കുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി.എന്നാല്‍ ജനങ്ങളുടെ ആശങ്കകളകറ്റാന്‍ ജനപ്രതിനിധിക്കായിട്ടില്ല. മതിയായ വീതിയില്ലാത്ത പാലത്തില്‍ നിരവധി അപകടങ്ങളാണ് തുടര്‍ക്കഥയാകുന്നത്. സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും വികസനമെത്താത്ത പാലങ്ങളും പുതുപ്പള്ളിയുടെ വികസന മുരടിപ്പിന്റെ അവശേഷിപ്പുകളായി മാറുകയാണ്.

മറ്റക്കര ചുവന്നപ്ലാവ് പാലത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. രണ്ട് ബാരവണ്ടികള്‍ എതിരെ വന്നാല്‍ കുടുങ്ങും. പാലത്തിന്റെ വീതി അത്രമാത്രമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടക്കം നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന വഴിയിലാണ് ഈ പാലം. പാലത്തിന് യുഡിഎഫ് സര്‍ക്കാര്‍ വീതി കൂട്ടുമെന്ന് പറഞ്ഞ് 2012ല്‍ കോണ്‍ഗ്രസുകാര്‍ സ്ഥാപിച്ച ബോര്‍ഡ് പോയതിന് പിന്നാലെ തീരുമാനവും കാറ്റില്‍ പറന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
തൃക്കോതമംഗലം, പുതുപ്പള്ളി പാലങ്ങളുടെ സ്ഥിതിയും വ്യസ്തമല്ല. റോഡും പാലവും തമ്മിലുള്ള അന്തരം കാരണം റോഡില്‍ നിന്നും പുതുപ്പള്ളി പാലത്തിലേക്ക് കയറുന്ന ഇരുചക്രവാഹനയാത്രക്കാര്‍ നടുവടിച്ച് വീണ് ഉണ്ടായ അപകടങ്ങളും ഏറെ. ഇത്രയും സ്ഥലം കോണ്‍ക്രീറ്റ് ചെയ്ത് അപകടം ഒഴിവാക്കിയത് അടുത്തിടെയാണ്.

Eng­lish Sum­ma­ry: Unde­vel­oped bridges are the hall­mark of Puthupally

You may also like this video

Exit mobile version