ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) റിപ്പോര്‍ട്ട്. തൊഴില്‍ രഹിത ഇന്ത്യക്കാരില്‍ 83 ശതമാനവും ചെറുപ്പക്കാരാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ ഡെവലപ്‌മെന്റ് (ഐഎച്ച്ഡി) യുമായി ചേര്‍ന്ന് ഐഎല്‍ഒ നടത്തിയ പഠനത്തില്‍ പറയുന്നു. രാജ്യത്ത് തൊഴിൽ രംഗം നൂറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലാണെന്നും റിപ്പോർട്ടിലുണ്ട്.
സെക്കന്‍ഡറി വിദ്യാഭ്യാസമുള്ള തൊഴില്‍ രഹിത യുവാക്കളുടെ അനുപാതം 2000 ലെ 35.2 ശതമാനത്തില്‍ നിന്ന് 2022 ല്‍ 65.7 ശതമാനമായി. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷമുള്ള കൊഴിഞ്ഞു പോക്ക് ഉയര്‍ന്ന നിരക്കിലാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലും ഉന്നത വിദ്യഭ്യാസത്തിന് ചേരുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 2022 ലെ മൊത്തം ജനസംഖ്യയുടെ 66 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഏകദേശം 81 കോടി. ഏറ്റവും കൂടുതൽ കാര്യക്ഷമതയുള്ള മനുഷ്യവിഭവമായ ഈ യുവജനങ്ങളിൽ പകുതിയിലേറെ പേർക്ക് അവരുടെ അധ്വാനശേഷി ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ രാജ്യത്തില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിർമ്മിത ബുദ്ധിയുടെയും മറ്റ് സാങ്കേതിക ഉപകരണങ്ങളുടെയും കടന്നുവരവും വലിയ തോതിൽ ജോലി നഷ്ടമുണ്ടാക്കി. തൊഴിൽ സേന പങ്കാളിത്ത നിരക്കും, തൊഴിൽ ജനസംഖ്യാ അനുപാതവും കുത്തനെ ഇടിഞ്ഞു. കോവിഡ് കാലയളവില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും വിദ്യാ സമ്പന്നരായ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ കൂടി. സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള തൊഴിൽ സാഹചര്യമോ മെച്ചപ്പെട്ട ജീവിത സാഹചര്യമോ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ന് ശേഷം സ്വയം തൊഴിൽ ചെയ്യുന്നവരുടെയും കുടുംബ തൊഴിൽ ചെയ്യുന്നവരുടെയും എണ്ണം കൂടി. എന്നാൽ വരുമാനമുണ്ടാക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല. ഈ കാലയളവിൽ അനൗപചാരിക തൊഴിൽ ചെയ്യുന്നവരുടെ ശതമാനം 90 നും മുകളിലെത്തി. 2000 ന് ശേഷം ക്രമാതീതമായി വർധനവ് രേഖപ്പെടുത്തിയിരുന്ന സ്ഥിരം തൊഴിൽ മേഖല 2018 ന് ശേഷം തകർന്നടിഞ്ഞു. വിവിധ സർക്കാർ പദ്ധതികളും മുൻഗണനകളുമുണ്ടായിട്ടും പട്ടിക ജാതി അടക്കമുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് തൊഴിലിലെ അരക്ഷിതാവസ്ഥ മറികടക്കാനായില്ല.
2019ന് ശേഷം വേതനം വര്‍ധിച്ചില്ല
സ്ഥിരം ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള വേതനം 2019 ന് ശേഷം വര്‍ധിച്ചിട്ടില്ലെന്ന് ഐഎല്‍ഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് 2022 ല്‍ മിനിമം വേതനം പോലും ലഭിച്ചില്ല. സംസ്ഥാനങ്ങൾക്കിടയിലും, സംസ്ഥാനങ്ങളിൽ വ്യത്യസ്ത ജില്ലകൾക്കിടയിലും തൊഴിൽ രംഗത്ത് വലിയ അസമത്വം നിലനിൽക്കുന്നു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിൽ അസമത്വം നിലനിൽക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മോശം തൊഴില്‍ സാഹചര്യങ്ങളാണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
English Summary: Unemployment crisis: 83% of jobless Indians are youth
You may also like this video