Site iconSite icon Janayugom Online

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന രാഷ്ട്രീയ നേട്ടത്തിന് വേണ്ടി: സിപിഐ

കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയുടെ വ്യാവസായിക രംഗത്തെ കുറിച്ച് നടത്തിയ പ്രസ്താവന അനുചിതവും അറിവില്ലായ്മയും മൂലമാണെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ തലയെടുപ്പുള്ള എല്ലാ വ്യാവസായിക സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പാർട്ടി നേതാവായിരുന്ന ടിവി തോമസിന്റെയും ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് എന്ന സത്യം ആർക്കും നിരാകരിക്കാൻ കഴിയുന്നതല്ല. ഇന്നും ആലപ്പുഴയിൽ തലയെടുപ്പോടെ നിലകൊള്ളുന്ന കേരള സ്റ്റേറ്റ്സ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോകാസ്റ്റ്, കയർ കോർപ്പറേഷൻ, ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ്, കേരള സ്പിന്നേഴ്സ്, കയർ ഫെഡ്, കയർ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച പ്രാഥമിക കയർ സഹകരണ സംഘങ്ങളും, മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സൊസൈറ്റികളും തുടങ്ങി ജില്ലയിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവനാപൂർണമായ തീരുമാനങ്ങളുടെ സൃഷ്ടിയാണ്.

 

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കോടികളുടെ വിദേശ നാണ്യം നേടി തരുന്ന ജില്ലയിലെ പരമ്പരാഗത വ്യവസായ മേഖലയായ കയർ മേഖലയെ തകർക്കുന്ന സമീപനം കൈക്കൊണ്ടുവരുന്നത് സുരേഷ് ഗോപികൂടി ഉൾപ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയങ്ങളാണ്. മിനിമം എക്സ്പോർട്ട് പ്രൈസ്, പർച്ചേസ് പ്രൈസ്, ക്വാളിറ്റി കൺട്രോൾ, റിബേറ്റ് എന്നിവ നിർത്തലാക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ കയർ മേഖലയെ കരകയറാൻ കഴിയാത്ത പ്രതിസന്ധിയിലെത്തിച്ചു. ഇതിനെ അതിജീവിക്കുവാൻ ഭാവനാപൂർണമായ പ്രവർത്തനങ്ങൾ ഇപ്പോഴും നടപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്.

 

വസ്തുതകൾ ഇതായിരിക്കെ കേവലമായ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി നടത്തുന്ന ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിച്ചതല്ലെന്ന് സിപിഐ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഒരു എയിംസ് എന്നത് കാലങ്ങളായി കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കം ഉയർത്തുന്ന ആവശ്യമാണ്. ഈ ആവശ്യത്തോട് സുരേഷ് ഗോപി ഉൾപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ ഒരു ദശാബ്ദത്തിലധികമായി മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനം കേരള ജനത മറക്കില്ല. കേരളത്തിന്റെ പൊതു രാഷ്ട്രീയത്തെക്കുറിച്ചും ആലപ്പുഴയുടെ സമര ചരിത്രത്തെക്കുറിച്ചും ബോധ്യമില്ലാതെ കേന്ദ്രമന്ത്രി നടത്തുന്ന വിലകുറഞ്ഞ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ കേരള സമൂഹം തള്ളിക്കളയുമെന്ന് സിപിഐ ജില്ലാ കൗൺസിൽ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

Exit mobile version