കോളനിവാഴ്ചയെ പോരാടി തോല്പിച്ച പാരമ്പര്യമുള്ള പാര്‍ട്ടി മോഡി രാജിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പാര്‍ട്ടി രൂപീകൃതമായതിന്റെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ് കോളനി വാഴ്ചകളെ ചെറുത്തുതോല്പിക്കാന്‍ പാര്‍ട്ടി സുപ്രധാന പങ്കാണ് വഹിച്ചത്. പാര്‍ലമെന്ററി ജനാധിപത്യമാണ് അംബേദ്കര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ജനഹിതങ്ങളുടെ ധ്വംസനവും ജനാധിപത്യത്തെ തകര്‍ക്കാനുമുള്ള നീക്കങ്ങളുമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തും. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിഘടിക്കുന്നത് ഭരണകൂടശക്തിക്ക് ആക്കം പകരുകയാണ്. രാജ്യത്തെ പ്രഥമ ഇടതുപക്ഷ പ്രസ്ഥാനമായ സിപിഐ കമ്മ്യൂണിസ്റ്റ് ഐക്യമെന്ന ആശയം കൂടുതല്‍ ശക്തമായി മുന്നോട്ടുവയ്ക്കുകയാണ്.
പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഉള്‍ക്കൊണ്ട് മോഡി സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടത്തിന് ജനപിന്തുണയോടെ നീക്കങ്ങള്‍ നടത്തും. സമര‑പ്രക്ഷോഭ‑പ്രതിഷേധ പരിപാടികള്‍ക്ക് വരുംദിവസങ്ങളില്‍ അന്തിമരൂപം നല്‍കുമെന്ന് രാജ പറഞംഞു. 1925ല്‍ കാണ്‍പൂരില്‍ നടന്ന സമ്മേളനത്തിലെ പാര്‍ട്ടി രൂപീകരണം മുതലിങ്ങോട്ടുള്ള ചരിത്രം അധ്യക്ഷനായ ദേശീയ സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു പരാമര്‍ശിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന പാര്‍ട്ടി രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തെലങ്കാനയിലെ ഖമ്മത്ത് ജനുവരി 18ന് നടക്കുന്ന പടൂകൂറ്റന്‍ റാലിയോടെയാകും പരിസമാപ്തിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തൊഴിലാളികളുടെ അന്തസും തൊഴില്‍ സുരക്ഷയും ഉറപ്പുവരുത്താന്‍ പാര്‍ട്ടി നടത്തിയ ശ്രമങ്ങളും പോരാട്ടങ്ങളുമാണ് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ജനറല്‍ സെക്രട്ടറിയുമായ അമര്‍ജിത് കൗര്‍ ഊന്നല്‍ നല്‍കിയത്. ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ പാര്‍ട്ടിയില്‍ വനിതാ പ്രാധിനിത്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചു. ദേശീയ എക്സിക്യുട്ടീവ് അംഗവും ഡല്‍ഹി സെക്രട്ടറിയുമായ പ്രൊഫ. ദിനേശ് വര്‍ഷിണിയും സംസാരിച്ചു.

