Site iconSite icon Janayugom Online

ഇടതുപക്ഷ പാർട്ടികളുടെ ഐക്യം കാലഘട്ടം ആവശ്യപ്പെടുന്ന യാഥാര്‍ത്ഥ്യം: കാനം

ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും മറ്റു ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും കാലഘട്ടം ആവശ്യപ്പെടുന്ന യാഥാർത്ഥ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാര്‍ട്ടി കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം പ്രദീപ് പുതുക്കുടി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് ബിജെപിയുടെ നയങ്ങൾക്കെതിരായി ഒരുമിച്ച് നിൽക്കാൻ കഴിയുന്നില്ല എന്നതാണ് വസ്തുത. മോഡി സർക്കാർ നയങ്ങളെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെല്ലാം സംഘടിച്ചെങ്കിലും 2019ൽ തെരഞ്ഞെടുപ്പ് വന്നപ്പോൾ ഓരോ പ്രാദേശിക, സംസ്ഥാന പാർട്ടികള്‍ അവരുടെ താല്പര്യത്തിനനുസരിച്ച് നീങ്ങി. ഇതായിരുന്നു ബിജെപിയുടെ വിജയം. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് അവർ ഭരണം നടത്തുകയാണ്. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് പരാജയമാണ്. മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും പേരിൽ ഒന്നിച്ചുനിൽക്കുന്ന മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമം ബിജെപി നടത്തുകയാണെന്നും കാനം പറഞ്ഞു.

സ്വാതന്ത്ര്യം നേടിത്തരുന്നതിന് ഒരു പങ്കും വഹിക്കാത്ത ആ പാർട്ടി, ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ്. യാഥാർത്ഥ്യത്തിൽ നിന്നും അകലെയുള്ള ചരിത്രമാണ് തീർക്കുന്നത്. ചരിത്ര ഗവേഷണ കൗൺസിലും അതു പോലുള്ള സ്ഥാപനങ്ങളയെല്ലാം ബിജെപിക്കാരെ കുത്തിനിറച്ച് പുനഃസംഘടിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. യഥാർത്ഥ ചരിത്രം പരിശോധിക്കുമ്പോൾ ഒരു നൂറ്റാണ്ട് നീണ്ടുനിന്ന സ്വാതന്ത്ര്യസമരത്തിൽ ഒരു നിഴൽവീണ പങ്കാളിത്തം പോലും ബിജെപിക്ക് അവകാശപ്പെടാനില്ല. രാജ്യത്തിന്റെ വിഭജനത്തിൽ സജീവ പങ്കാളികളായ, ദേശീയ പതാകയെ അംഗീകരിക്കാത്ത ഇക്കൂട്ടര്‍ ഇരുപത് കോടി ദേശീയപതാക നിർമ്മിച്ച് നൽകി കപട ദേശീയത പരത്താനുള്ള ശ്രമം നടത്തുകയാണെന്നും കാനം പറഞ്ഞു.

ക്ഷേമരാഷ്ട്രം അല്ലെങ്കിൽ മതനിരപേക്ഷ സങ്കല്പം എന്നതിനെ രാജ്യം ഒരിക്കലും എതിർത്തിരുന്നില്ല. എന്നാൽ ആ സങ്കല്പം യൂറോപ്യൻ ധാരണകളാണെന്ന് പ്രചരിപ്പിക്കുന്നവരാണ് അധികാരത്തിലിരിക്കുന്നത്. മതനിരപേക്ഷ രാജ്യത്തിന്റെ അടിത്തറ മതരാഷ്ട്രവാദത്തിൽ കൊണ്ടെത്തിക്കാൻ ശ്രമിക്കുന്നവരാണ് രാജ്യത്തെ ഭരണാധികാരികൾ. രാജ്യത്തെ കേവലം ഹിന്ദുത്വത്തിന് വഴിമാറ്റാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഫലമായി രാഷ്ട്രീയമായി മാത്രമല്ല സാമ്പത്തിക നയങ്ങൾക്കും മാറ്റമുണ്ടാക്കി. സാമ്പത്തിക രംഗത്തും രാഷ്ട്രീയ രംഗത്തും കോർപറേറ്റ് താല്പര്യം സംരക്ഷിക്കുന്നവരാണ് ബിജെപി. 

സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈകടത്തി ദുർബലമാക്കി കേന്ദ്രം ശക്തമാകുന്ന തരത്തിൽ മുന്നോട്ടുപോയി. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര മൂലധന നിക്ഷേപത്തിന്റെ തുക ഉയർത്തണമെന്ന നിരന്തര ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല കുറയ്ക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനങ്ങൾ ദാരിദ്ര്യമനുഭവിക്കുകയും രൂപയുടെ മൂല്യം കുറയുകയും വൻ വിലക്കയറ്റം ഉണ്ടാകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവ് കെ പി കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ദേശീയ കൗൺസിലംഗം ഇ ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ സി എൻ ചന്ദ്രൻ, അഡ്വ. പി വസന്തം, സി പി മുരളി എന്നിവർ പങ്കെടുത്തു. കെ ടി ജോസ്, സി വിജയൻ, കെ വി ഗോപിനാഥ്, പി നാരായണൻ, കെ എം സപ്ന, കെ വി രജീഷ്, പി കെ മുജീബ് റഹ്‌മാൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും. 

Eng­lish Summary:Unity of the Left par­ties is the real­i­ty that the era demands: Kanam
You may also like this video

Exit mobile version