Site iconSite icon Janayugom Online

കശ്മീരിലെ അജ്ഞാതരോഗം: വിദഗ്ധ സംഘം രൂപീകരിച്ചു

ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ദുരൂഹ മരണങ്ങളുടെ കാരണം അന്വേഷിക്കുന്നതിന് അന്തർ മന്ത്രാലയ സംഘത്തെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അധ്യക്ഷനായ സംഘത്തിൽ ആരോഗ്യ കുടുംബക്ഷേമം, കൃഷി, രാസവസ്തുക്കൾ, വളം, ജലവിഭവം തുടങ്ങിയ മന്ത്രാലയങ്ങളിലെ വിദഗ്ധർ ഉൾപ്പെടും. മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഫോറൻസിക് സയൻസ് ലാബുകളിലെ വിദഗ്ധരും സംഘത്തെ സഹായിക്കും. രാജ്യത്തെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ 45 ദിവസത്തിനിടെ രജൗരി ജില്ലയിലെ ബുദാൽ ഗ്രാമത്തിൽ 16 പേരാണ് ദുരൂഹ രോഗം ബാധിച്ച് മരിച്ചത്. പനി, വേദന, ഛര്‍ദി, ബോധക്ഷയം തുടങ്ങിയവയായിരുന്നു മരിച്ച മിക്കവരിലും ഉണ്ടായത്. നിലവില്‍ ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, സിഎസ്ഐആർ, ഡിആർഡിഒ, പിജിഐഎംഇആർ ചണ്ഡീഗഢ് എന്നിവയുൾപ്പെടെ പ്രമുഖ ദേശീയ സ്ഥാപനങ്ങൾ പരിശോധന നടത്തിയെങ്കിലും മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

Exit mobile version