Site icon Janayugom Online

ചൈനയിലെ അജ്ഞാത വൈറസ്: ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

ചൈനയില്‍ അജ്ഞാത വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി എത്തുന്നവരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

ചൈനയില്‍ ന്യുമോണിയയ്ക്ക് സമാനമായ അസുഖം കുട്ടികളില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശം. കുട്ടികളിലെ ശ്വാസകോശ രോ‌ഗങ്ങൾ നിരീക്ഷിക്കണമെന്നും ആശങ്കയില്ലെങ്കിലും കരുതൽ വേണമെന്നും നിർദേശമുണ്ട്.

ചൈനയിൽ ന്യൂമോണിയ ബാധിച്ച് നൂറ് കണക്കിന് കുഞ്ഞുങ്ങൾ ചികിത്സ തേടിയിരുന്നു. പുതിയ വൈറസ് മൂലമല്ല രോഗബാധയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യസംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള ‘അജ്ഞാത ന്യുമോണിയ’ ചൈനയിലെ സ്കൂൾ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലും സ്കൂൾ കുട്ടികളിൽ രോഗം പടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പടർന്നുപിടിക്കുന്ന അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും നിർദേശം നൽകിയിരുന്നു.
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈ കഴുകുക, മുഖം തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കുക എന്നിവയും പുതിയ നിര്‍ദ്ദേശത്തില്‍ ഉൾപ്പെടുന്നു. 

Eng­lish Sum­ma­ry: Unknown virus in Chi­na: Alert in five Indi­an states

You may also like this video

Exit mobile version