ഉന്നാവ് ബലാത്സംഗ കേസില്‍ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതൽ വാദത്തിലേക്ക് കടക്കാമെന്നാണ് സുപ്രീകോടതി അറിയിച്ചു. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിർദേശിച്ചു. സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും കോടതി കേട്ടത്. സാധാരണ ഇത്തരം കേസുകളിൽ ജാമ്യം നൽകിയാൽ റദ്ദാക്കാറില്ല. എന്നാൽ, ഉന്നാവ് ബലാത്സംഗ കേസിൽ സാഹചര്യം ഗുരുതരമെന്നായിരുന്നു കോടതി നിരീക്ഷണം.
ഹീനമായ കുറ്റമാണ് പ്രതി നടത്തിയത്. ഒരു കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ ഹൈക്കോടതിയിലാണ്. ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായി എന്ന് സിബിഐ കോടതിയെ അറിയിച്ചു. വകുപ്പിൻ്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതി നടപടി. 16 വയസിൽ താഴെയുള്ളപ്പോഴാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. പൊതു സേവകൻ എന്ന പരിധിയിൽ വരുമോ എന്ന ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ് തെളിയിക്കപ്പെട്ടത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെങ്കിൽ പൊതു സേവകൻ ആണോ അല്ലയോ എന്നത് കണക്കിലെടുക്കേണ്ടതില്ല. ജീവപര്യന്തം ശിക്ഷ എന്നതിന് ഇവിടെ സാധുതയുണ്ട്. ഇതിൽ പൊതുസേവകൻ എന്ന ഘടകം കണക്കിലെടുക്കേണ്ടതില്ലെന്ന് സിബിഐ കോടതിയിൽ വാദിക്കുകയായിരുന്നു.

