നാടിന്റെ ഭാവി പുതിയ തലമുറയിലാണെന്നും അവരുടെ മസ്തിഷ്കത്തിൽ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം കുത്തിവയ്ക്കുന്നവർക്കെതിരെ യോജിച്ച മുന്നേറ്റം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗമായി ആറ്റിങ്ങലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണ്യമായ നേട്ടങ്ങൾ സ്വന്തമാക്കി ഉന്നതവിദ്യാഭ്യാസമേഖല മുന്നേറുമ്പോൾ അതിന് തടയിടാൻ വർഗീയ ശക്തികളും അവയുടെ ദല്ലാള്‍മാരും ശ്രമിക്കുകയാണ്. അത്തരം നശീകരണ ശ്രമങ്ങൾക്കെതിരെയുള്ള ചെറുത്തു നില്പാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ഏഴ് വർഷങ്ങളിൽ സമാനതകളില്ലാത്ത വളർച്ചയുണ്ടായി. സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുകയും ജനാധിപത്യപരമായ പ്രവർത്തനങ്ങളും അക്കാദമിക് സ്വയംഭരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉറപ്പ് വരുത്തുകയും ചെയ്തു. 2016 ലെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ മാത്രം പുതിയ 1278 കോഴ്സുകൾ ആരംഭിച്ചു. ഇതുവഴി 47,200ൽ അധികം പുതിയ സീറ്റുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും കഴിഞ്ഞു. നാക് അക്രഡിറ്റേഷനിൽ കേരളസർവകലാശാല എ++, കാലിക്കറ്റ്, കുസാറ്റ് എന്നീ സർവകലാശാലകൾ എ+ ഗ്രേഡുകൾ നേടി. സംസ്ഥാനത്തെ കോളജുകളിൽ 22 എണ്ണം രാജ്യത്തെ തന്നെ മികച്ച ഗ്രേഡ് ആയ എ++ ഉം 38 കോളജുകൾ എ+ഉം 60 കോളജുകൾ എ ഗ്രേഡും നേടി.
ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല ഇടംപിടിച്ചു. എൻഐആർഎഫ് റാങ്കിങ്ങിൽ ആദ്യ 100 ൽ കേരളത്തിലെ 17 കോളജുകളും ആദ്യ 200 ൽ കേരളത്തിലെ 47 കോളജുകളും ഇടംപിടിച്ചു. രാജ്യത്തെ മികച്ച കോളജുകളിൽ 21 ശതമാനവും കേരളത്തിലാണുള്ളത്. ആ സ്ഥാപനങ്ങളെല്ലാം സർക്കാർ‑എയ്ഡഡ് മേഖലയിലുമാണ്.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങൾക്ക് അംഗീകാരമുദ്ര നൽകുന്ന നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ കേരളത്തിലെ ഒമ്പത് സർക്കാർ / സർക്കാർ എയ്ഡഡ് എൻജിനീയറിങ് കോളജുകളിലെ 41 ബ്രാഞ്ചുകൾക്ക് അക്രഡിറ്റേഷൻ നൽകി. കേന്ദ്രസർവകലാശാലകളിലടക്കം പകുതിയിലേറെ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴും കേരളം പിഎസ്‌സി വഴി കഴിഞ്ഞ രണ്ടുവർഷം 186 നിയമനങ്ങളും എയ്ഡഡ് കോളജുകളിൽ 902 നിയമനങ്ങളും നടത്തി. 2016–17 ൽ 55,007 അധ്യാപകർ ഉണ്ടായിരുന്നത് 2020–21 ൽ 61,080 ആയി ഉയർന്നു. കേരളത്തിന്റെ ഗ്രോസ് എൻറോൾമെന്റ് നിരക്ക് നിലവിൽ ഏകദേശം 45 ശതമാനം ആണ്. 2035 ആവുമ്പോഴേക്കും ജിഇആർ 75 ശതമാനത്തില്‍ കൂടുതൽ എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിലും വലിയ കുതിച്ചു ചാട്ടമുണ്ടായി. സർക്കാർ കോളജുകളുടെയും സർവകലാശാലകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി കിഫ്ബി പദ്ധതിയിൽ 700 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 750 കോടി രൂപയുടെ പദ്ധതികൾക്കുള്ള അംഗീകാരം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു ബജറ്റുകളിലായി പദ്ധതി ഇനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ആകെ 4508.48 കോടി രൂപയാണ് അനുവദിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
English Summary: Unparalleled growth in higher education: Chief Minister
You may also like this video