Site iconSite icon Janayugom Online

ഇനി പറക്കാം വാനോളം; ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പ്രത്യേക പരിശീലന പദ്ധതി

flightflight

ആത്മാഭിമാനത്തോടെയും അന്തസോടെയും ജീവിക്കുവാന്‍ തൊഴിലന്വേഷിക്കുന്ന ട്രാൻസ്ജെൻഡര്‍ വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ്. കേരള നോളജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന പ്രൈഡ് പദ്ധതിയുടെ ഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പ്രത്യേക പരിശീലന പദ്ധതി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കും. വിജ്ഞാനതൊഴിൽ രംഗത്ത് അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഭാഗമായി ‘സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപ്പറേഷൻ ’ എന്ന പരിശീലന പരിപാടിയാണ് നടപ്പാക്കുന്നത്. കാര്‍ഗോ ഓപ്പറേഷന്‍, എയര്‍പോര്‍ട്ട് മാനേജ്മെന്റ്, കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവ് ഉള്‍പ്പെടെ അടങ്ങുന്നതാണ് പരിശീലന പരിപാടി. ആദ്യ ഘട്ടത്തില്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റിലാണ് പരിശീലനം നല്‍കുന്നത്. നാല് മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം.

ആദ്യ ഘട്ടത്തില്‍ 10 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീലനം നല്‍കും. നോളജ് ഇക്കോണമി മിഷന്റെ ട്രെയിനിങ് പാർട്ണറായ അസാപ് കേരള ജിഎംആർ ഏവിയേഷൻ അക്കാദമിയുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. പദ്ധതിക്കായി 7.98 ലക്ഷം രൂപ സാമൂഹ്യ നീതി വകുപ്പ് അനുവദിച്ചു. 2024- 25 സാമ്പത്തിക വർഷത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിനായി വകയിരുത്തിയ ഫണ്ടിൽ നിന്നാണ് തുക ചെലവാക്കുക. കോഴ്സ് ഫീസിനത്തിൽ ചെലവാകുന്ന തുകയാണ് അനുവദിച്ചിട്ടുള്ളത്.

വിദ്യാഭ്യാസ നൈപുണ്യ പ്രതിസന്ധികൾ നേരിടുന്ന ട്രാൻസ് വ്യക്തികൾക്ക് അതിനൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ സജരാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കോഴ്സ് ഏപ്രിൽ ആദ്യവാരത്തോടെ ആരംഭിക്കും. അസാപ് കേരളയുടെ കളമശേരിയിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ചാണ് പരിശീലനം. ഇതിന് മുന്നോടിയായി ഉദ്യോഗാർത്ഥികൾക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിശീലനവും നൽകും. ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പരമ്പരാഗതമായി ട്രാന്‍സ് സമൂഹം ചെയ്യുന്ന ജോലിയെക്കുറിച്ചുള്ള ആളുകളുടെ സങ്കല്‍പ്പം മാറ്റുക എന്ന ലക്ഷ്യം കൂടി പദ്ധതിയ്ക്കുണ്ടെന്ന് കേരള നോളജ് ഇക്കോണമി മിഷൻ ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ മാനേജർ പ്രിജിത് പി കെ പറഞ്ഞു. 

Exit mobile version