കോഴിക്കോട് കോര്‍പ്പറേഷന്‍ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ടാഗോർ സെന്റിനറി ഹാളിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ആറു മാസത്തിനകം സമഗ്രമായ നഗരവികസനനയം കേരളത്തിലുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വജ്രജൂബിലി വർഷത്തിൽ കോഴിക്കോടിനെ സമ്പൂർണ മാലിന്യ മുക്ത നഗരമായി പ്രഖ്യാപിക്കാന്‍ കഴിയണം. ക്രിയാത്മകമായ നടപടികളിലൂടെ ഒരു വർഷം കൊണ്ടുതന്നെ കോഴിക്കോടിനെ മാലിന്യ മുക്തനഗരമാക്കാൻ കഴിയും. ജനപ്രതിനിധികൾക്കൊപ്പം എല്ലാവിഭാഗങ്ങളുടേയും സഹകരണമാണ് ആവശ്യം. മാലിന്യ സംസ്കരണത്തോടൊപ്പം നഗര സൗന്ദര്യവത്കരണവും സാധ്യമാകണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്കരണ കേന്ദ്രങ്ങളേയും പ്ലാന്റുകളേയും ഭീകരകേന്ദ്രങ്ങളായി ചിലർ ചിത്രീകരിക്കുകയാണ്. ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകളെ മുതലെടുക്കുന്ന ഒരു സംഘം നാട്ടിൽ വളർന്നുവരുന്നു. അവർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. അന്ധവിശ്വാസങ്ങൾക്ക് സമാനമായ പ്രചരണമാണ് നടക്കുന്നത്. ജനനിബിഢമായ പ്രദേശങ്ങളിൽ മുൻകാല അനുഭവം വെച്ച് പലർക്കും ദുരനുഭവങ്ങളുണ്ടാവും. പക്ഷെ അതിനെ ദുരുപയോഗം ചെയ്യുകയാണ് ചിലർ. അവർ ഇളക്കിവിടുന്ന പ്രതിഷേധങ്ങൾക്കും പ്രതിരോധങ്ങൾക്കും മുമ്പിൽ വീണുപോയാൽ കേരളത്തിൽ ഒരിടത്തും മാലിന്യ നിർമാർജനം ഫലപ്രദമാകില്ല. ഇത്തരം ആശങ്കകൾ കോർപ്പറേഷൻ അധികൃതർ ജനങ്ങളെ ബോധ്യപ്പെടുത്തി പരിഹരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് നഗര മധ്യത്തിലാണ് മുട്ടത്തറയിലെ മാലിന്യ സംസ്കരണ പ്ലാന്റ്. സമീപത്തുള്ളത് ഭീമാപള്ളി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം. അവിടെ പ്രവർത്തിക്കുന്ന പ്ലാന്റ് കോഴിക്കോട്ടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം പോയികാണണം. എന്നിട്ട് വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. കഴിഞ്ഞ ദിവസം അലപ്പുഴയിൽ നിന്നുവന്ന സംഘം അവിടം സന്ദർശിച്ചശേഷം ഒന്നല്ല രണ്ട് പ്ലാന്റ് തങ്ങൾക്ക് വേണമെന്നാണ് പറഞ്ഞത്. അതിലും അത്യാധുനികമായ പ്ലാന്റാണ് കോഴിക്കോട്ടും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലും വരാനിരിക്കുന്നത്. കക്കൂസ് മാലിന്യത്തെ കുടിവെള്ളമാക്കാനും പോകുന്ന സാങ്കേതിക വിദ്യ. ഇതൊന്നും ഒരു ജനതയ്ക്ക് അനുഭവിക്കരുതെന്ന് പ്രഖ്യാപിക്കുന്നവർ ദുഷ്ടശക്തികളാണ്. അവരുടെ നുണ പ്രചാരണത്തെ പൊളിച്ചുകൊടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവണമെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന് വരുമാനം കുറഞ്ഞുവരികയാണ്. ഇന്ധനവും ആൽക്കഹോളും മാത്രമാണിപ്പോൾ ആകെയുള്ള വരുമാനം. നഗരസഭകൾ കൃത്യമായി നികുതി പിരിച്ചും ഏറ്റവും കുറവുള്ള നികുതി ചെറിയതോതിൽ വർധിപ്പിച്ചും ജനകീയ പ്രവർത്തനങ്ങൾക്കായുള്ള വരുമാനം വർധിപ്പിക്കണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ നികുതികൾ വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പത്മശ്രി കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മുൻ എംഎൽഎമാരായ എ പ്രദീപ് കുമാർ, വി കെ സി മമ്മദ്കോയ, മുൻ മേയർമാരായ ടി പി ദാസൻ, സി ജെ റോബിൻ, ഒ രാജഗോപാല്‍, എം എം പത്മാവതി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു. വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ വിളംബര ജാഥയും നടത്തി.
English Summary: Urban beautification should be possible along with waste management: Minister MB Rajesh
You may also like this video