Site iconSite icon Janayugom Online

ബൂമറാങ്ങായി അടിയന്തര പ്രമേയങ്ങള്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നിര്‍ത്തിവച്ചിരുന്ന നിയമസഭയുടെ ഒമ്പതാം സമ്മേളനം തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. സമ്മേളനത്തില്‍ പതിവ് നടപടിക്രമങ്ങളുടെ ഭാഗമായി പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടീസ് നല്‍കിയിരുന്നു. സാധാരണ അത്തരം പ്രമേയങ്ങള്‍ക്ക് ബന്ധപ്പെട്ട മന്ത്രിമാരുടെ മറുപടിക്കുശേഷം അവതരണാനുമതി നിഷേധിക്കുകയാണ് ചെയ്യാറുള്ളതെങ്കിലും ഇത്തവണ രണ്ട് പ്രമേയങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന് ഭരണപക്ഷം സമ്മതിച്ചു. ഇത്തരം ഘട്ടങ്ങളില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുവാന്‍ പ്രതിപക്ഷത്തിന് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കെടുത്ത രണ്ട് പ്രമേയങ്ങളും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുക മാത്രമല്ല തിരിച്ചടിക്കുക കൂടി ചെയ്തു. തിങ്കളാഴ്ച സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ പുറത്തുവന്നതാണ് പ്രമേയമാക്കിയത്. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കുന്നതിന് ഗൂഢാലോചന നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പ്രമേയ ചര്‍ച്ചയും മറുപടിയും അവസാനിച്ചപ്പോള്‍ ഉടുതുണി നഷ്ടപ്പെട്ടതുപോലെയായി പ്രതിപക്ഷം. ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച്, മകന്‍ ചാണ്ടി ഉമ്മന്‍ സഭയിലെത്തിയ ആദ്യദിനം, അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ കാണുന്നതിന് എത്തിയ കുടുംബാംഗങ്ങള്‍ ഗാലറിയിലിരിക്കുമ്പോഴായിരുന്നു പ്രമേയത്തിന് സമയം തിരഞ്ഞെടുത്തത്. അക്കാര്യം ഭരണകക്ഷികളിലെ ചില അംഗങ്ങള്‍ സൂചിപ്പിക്കുകയും ചെയ്തു. സോളാര്‍ കേസ് വിവാദമായ കാലത്തെ ചര്‍ച്ചകളും വാര്‍ത്തകളും വീണ്ടും സഭയില്‍ നിറഞ്ഞത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന് തന്നെയാണ് നാണക്കേടുണ്ടാക്കിയത്.


ഇത് കൂടി വായിക്കൂ: ഫാസിസം ആഗ്രഹിക്കുന്നത് ചൊല്‍പ്പടിക്കാരെ മാത്രം | JANAYUGOM EDITORIAL


സോളാര്‍ കേസിന്റെ ഉത്ഭവം മുതല്‍ നാള്‍വഴികള്‍ ഒന്നൊ ന്നായി തുറന്നുകാട്ടപ്പെട്ടപ്പോള്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന സ്ഥി തിയിലുമായി അവര്‍. വിശദമായ ചര്‍ച്ചക ള്‍ക്കൊടുവില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചാ വിഷയമായ സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും അതേക്കുറിച്ച് അഭിപ്രായം പറയുക സാധ്യമല്ലെന്നും വിശദീകരിച്ചു. ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ നിയമപരമായ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെട്ടടങ്ങിയ ഒരു വിഷയത്തെ ഈ സഭയിൽ അനവസരത്തിൽ ഉയർത്തിക്കൊണ്ടുവന്നത് തന്നെ ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നതിന് സമാനമല്ലേയെന്ന ചോദ്യംകൂടി ഉന്നയിക്കപ്പെട്ടപ്പോള്‍ പ്രമേയം പ്രസ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം രക്ഷപ്പെടുകയായിരുന്നു. സഭാ നടപടികളില്‍ അങ്ങനെയൊരു ഉപാധിയുള്ളതുകൊണ്ടുമാത്രം പ്രതിപക്ഷം തടിരക്ഷിച്ചു. അതിനുപിന്നാലെ സഭയില്‍ പരാമര്‍ശ വിധേയരായ ചില വ്യക്തികള്‍ തങ്ങളുടെ ഭാഗം കൂടി വിശദീകരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാനുള്ള ഗൂഢാലോചന നടന്നത് കോണ്‍ഗ്രസിനകത്തുതന്നെയെന്ന് എല്ലാവര്‍ക്കും ബോധ്യമാകുകയും ചെയ്തു.


ഇത് കൂടി വായിക്കൂ:ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം | Janayugom Editorial


ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രമേയത്തിന് വിഷയമായത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ യുഡിഎഫും ഇരട്ട സഹോദരങ്ങളാണെന്ന് തെളിയിക്കുന്നതായി ഈ പ്രമേയ ചര്‍ച്ച. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിത്തറ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതും അനുവദനീയമായതുപോലും അനുവദിക്കുന്നില്ല എന്നതുമാണ്. അക്കാര്യം നേരത്തെ ഇവിടെ ഭരിച്ച ഇപ്പോഴത്തെ പ്രതിപക്ഷത്തിന് അറിയാത്തതുമല്ല. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയുടെ വിഹിതം ഇത്രമാസമായിട്ടും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പദ്ധതി നടത്തിപ്പില്‍ പ്രയാസം നേരിടുകയാണ്. ചരക്കുസേവന നികുതി അടിച്ചേല്‍പ്പിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വരുമാനം ഭീമമായി കുറച്ചതിന്റെ ദുരിതം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും നേരിടുന്നുണ്ട്. കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് കേന്ദ്രം ഉയര്‍ത്തുന്നതെങ്കിലും ഓണക്കാലത്ത് ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ ആനുകൂല്യത്തിനും വിപണി ഇടപെടലിനുമായി 18,000 കോടിയിലധികം രൂപയാണ് സംസ്ഥാനം വിനിയോഗിച്ചത്. ഇക്കാര്യങ്ങള്‍ മറച്ചുപിടിച്ച് സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നടത്തിയ ശ്രമമാണ് പ്രമേയ ചര്‍ച്ചയിലൂടെ പൊളിഞ്ഞുപോയതും യുഡിഎഫ് ഇരട്ടത്താപ്പ് വെളിവാക്കിയതും. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയിലേക്ക് പോയ 18 എംപിമാര്‍ കേന്ദ്ര അവഗണനയെ കുറിച്ച് എന്തെങ്കിലും മിണ്ടാത്തതോ, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളോ ഉന്നയിക്കുമ്പോള്‍ അവിടെ ചോദിക്കേണ്ടത് ചോദിക്കുന്നുണ്ട് എന്ന് പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ലെന്നും, ആരൊക്കെയാണ് ചോദ്യങ്ങള്‍ ഉന്നയിച്ചതെന്ന് വ്യക്തമാക്കണമെന്നുമുള്ള ഭരണപക്ഷത്തിന്റെ അഭിപ്രായത്തിന് ഒഴിഞ്ഞുമാറുകയാണ് പ്രതിപക്ഷം ചെയ്തത്. ഫലത്തില്‍ യുഡിഎഫിന് നേരെ ബൂമറാങ് പോലെ തിരിച്ചടിയായി രണ്ട് അടിയന്തര പ്രമേയങ്ങളും.

Exit mobile version