Site iconSite icon Janayugom Online

യുഎസ് തീരുവ; ഇന്ത്യയുടെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കണമെന്ന് സിപിഐ

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിനുള്ള ശിക്ഷാ നടപടിയായി ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് 25% അധിക തീരുവ ചുമത്തിയ യുഎസിന്റെ ഏകപക്ഷീയമായ തീരുമാനത്തെ സിപിഐ ശക്തമായി അപലപിച്ചു. ദേശീയ താല്പര്യത്തിന്റെയും സാമ്പത്തിക ആവശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ മറ്റ് രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരം നടത്താനുള്ള ഇന്ത്യയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണിതെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

 

അമേരിക്കയുടെ നിര്‍ബന്ധിത തന്ത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വഴങ്ങരുത്. വിദേശനയത്തിന്റെ അന്തസും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്താതെ രാജ്യത്തിന്റെ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനും ബദല്‍ ക്രമീകരണങ്ങള്‍ തേടണം. ഇന്ത്യയുടെ വ്യാപാര ബന്ധങ്ങളില്‍ ആജ്ഞാപിക്കാനുള്ള യുഎസ് ശ്രമം ബഹുധ്രുവ തത്വത്തെയും എല്ലാ രാജ്യങ്ങളുടെയും സ്വതന്ത്രവും നീതിയുക്തവുമായ സാമ്പത്തിക ഇടപെടലിനുള്ള അവകാശത്തെയും ദുര്‍ബലപ്പെടുത്തുന്ന അപകടകരമായ മാതൃക സൃഷ്ടിക്കുന്നെന്നും സിപിഐ ചൂണ്ടിക്കാട്ടി.

ഇന്ത്യ‑പാക് സംഘര്‍ഷം അവസാനിപ്പിച്ചതായി വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച നടത്തിയ വിവാദ പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാര്‍ നയം വ്യക്തമാക്കണം. നമ്മുടെ വിദേശനയത്തെയും പരമാധികാര നടപടിക്രമങ്ങളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഇത്തരം പരാമര്‍ശങ്ങള്‍. ഈ അവകാശവാദങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് കേന്ദ്രം ജനങ്ങളോട് വ്യക്തമാക്കണം. യുഎസ് സമ്മര്‍ദത്തിന് മുന്നില്‍ രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പാക്കുകയും വേണം.
ബാഹ്യസമ്മര്‍ദ്ദങ്ങള്‍ വര്‍ധിച്ചുവരുന്ന സമയത്ത് ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് സ്വതന്ത്ര വിദേശനയം പിന്തുടര്‍ന്നും വികസ്വര രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയും സാമ്രാജ്യത്വ ആജ്ഞകളെ ചെറുത്തും സാമ്പത്തിക, രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ ഭാരം രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളുടെമേല്‍ വരുന്നില്ലെന്ന് ഉറപ്പാക്കിയും ആണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

Exit mobile version