ഭീകരർക്കുൾപ്പെടെ ക്രിമിനൽ സംഘങ്ങൾക്കു കള്ളപ്പണം വെളുപ്പിക്കാനുള്ള സഹായിച്ച യു എസ് തേടുന്ന കൊടുംകുറ്റവാളി അലക്‌സേജ് ബെസിയോകോവ് കേരള പൊലീസിന്റെ പിടിയിൽ. ലിത്വാനിയന്‍ പൗരനാണ്. ഹാക്കിങ്, ഭീകരത, ലഹരിക്കടത്ത് എന്നിവയുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്കു സൗകര്യമൊരുക്കിയതിലൂടെ കോടിക്കണക്കിനു ഡോളറാണു അലക്‌സേജ് സമ്പാദിച്ചത്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
അവധിക്കാലം ചെലവിടാൻ വര്‍ക്കലയിലെത്തിയ അലക്‌സേജ് ബെസിയോകോവിനെ ഹോംസ്‌റ്റേയില്‍നിന്നാണു കസ്റ്റഡിയിലെടുത്തത്. രാജ്യം വിടാൻ പദ്ധതിയിട്ടിരുന്ന ഇയാളെ സിബിഐയുടെ ഇന്റർപോൾ യൂണിറ്റിന്റെ സഹായത്തോടെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുഎസിന്റെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയം കേസിൽ ഇടപെട്ടിരുന്നു. ഇന്റർപോൾ, സിബിഐ, കേരള പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണു ഇയാൾ വലയിലായത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം യുഎസിനു കൈമാറാനാണു നീക്കം.

