Site iconSite icon Janayugom Online

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍: ജനറൽ, ജില്ലാ, താലൂക്ക്, സിഎച്ച്സി ആശുപത്രികളില്‍ പ്രത്യേക കേന്ദ്രങ്ങള്‍

vaccinationvaccination

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൗമാരക്കാരുടെ വാക്സിനേഷന്‍ ആരംഭിക്കും. 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക.

വാക്‌സിനേഷനായി പ്രത്യേക കര്‍മ്മപരിപാടി രൂപീകരിച്ചാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സംസ്ഥാനത്ത് കൗമാരക്കാരായ 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. വാക്‌സിന്റെ ലഭ്യതയനുസരിച്ച് എത്രയും വേഗം കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 65,000ത്തോളം ഡോസ് കോവാക്‌സിന്‍ സംസ്ഥാനത്ത് ലഭ്യമാണ്. കുട്ടികളുടെ വാക്‌സിനേഷനായി അഞ്ച് ലക്ഷത്തോളം ഡോസ് കോവാക്‌സിന്‍ കൂടി എത്തിക്കാനുളള നടപടികളായിട്ടുണ്ട്.

രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ സഹകരണവും കുട്ടികളുടെ വാക്‌സിനേഷനുണ്ട്. എല്ലാ ദിവസവും വാക്‌സിൻ എടുത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. സിബിഎസ്ഇ അടക്കമുള്ള മറ്റ് സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കും. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും ജനറൽ, ജില്ലാ, താലൂക്ക്, സിഎച്ച്സി എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള വാക്‌സിനേഷനുവേണ്ടി പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണം. ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.

അധ്യാപകരും പിടിഎകളും മുൻകൈ എടുക്കണം: വിദ്യാഭ്യാസ മന്ത്രി

 

തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പിടിഎകളും മുൻകൈ എടുക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്ലാസുകളിൽ ഇത് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. രക്ഷിതാക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണം. എല്ലാ കുട്ടികളും വാക്‌സിൻ എടുത്തു എന്നത് ഉറപ്പ് വരുത്തും.

Eng­lish Sum­ma­ry: Vac­ci­na­tion of chil­dren from today: Spe­cial cen­ters at Gen­er­al, Dis­trict, Taluk and CHC hospitals

You may like this video also

Exit mobile version