Site icon Janayugom Online

സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം; ആറ് ജില്ലകളില്‍ കോവിഷീല്‍ഡില്ല

സംസ്ഥാനത്ത് വീണ്ടും വാക്സിന്‍ ക്ഷാമം. ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്‌സിന്‍ സ്‌റ്റോക്കുണ്ട്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ഈ മാസത്തിൽ തന്നെ 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് കൂടുതൽ വാക്സിൻ ആവശ്യമാണ്. 

കോവാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. കോവാക്‌സിന്‍ സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ല. കോവാക്‌സിനും കോവിഷീല്‍ഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണ്. കോവീഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് എടുക്കാനാകും. സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മാത്രം 1.95 കോടിയിലധികം ഡോസ് വാക്സിൻ സംസ്ഥാനത്ത് നൽകിയിട്ടുണ്ട്. 

2021 ജനുവരി 16നാണ് കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്. വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് അനുബന്ധ ക്യാമ്പയിനുകളും സംഘടിപ്പിച്ചാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകി. 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും മുഴുവൻ ആദ്യ ഡോസ് വാക്സിൻ നൽകുന്നതിതിനായി പ്രത്യേക യജ്ഞങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി. വാക്സിൻ സമത്വത്തിനായി വേവ് ക്യാമ്പയിൻ, ഗർഭിണികളുടെ വാക്സിനേഷനായി മാതൃകവചം തുടങ്ങിയ പ്രത്യേക പരിപാടികളും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:Vaccine short­age again in the state; Six dis­tricts do not have a cove shield
You may also like this video

Exit mobile version